25 എംപിമാര്‍ക്ക് കൊവിഡ്; സ്ഥിരീകരിച്ചത് പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് നടത്തിയ പരിശോധനയില്‍

പാര്‍ലമെന്റിലെ 785 എംപിമാരില്‍ ഇരുന്നൂറോളം പേര്‍ 65 വയസിനു മുകളിലുള്ളവരാണ്.

Update: 2020-09-14 16:48 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ 25 എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 17 ലോക്സഭാ എംപിമാര്‍ക്കും എട്ട് രാജ്യസഭാ എംപിമാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോക്സഭയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 12 ബിജെപി എംപിമാരും രണ്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാരും ശിവസേന, ഡിഎംകെ, ആര്‍എല്‍പി നിന്നുള്ള ഓരോ എംപിമാരും ഉള്‍പ്പെടുന്നു.

രണ്ട് ദിവസം മുന്‍പ് നടന്ന പരിശോധനയില്‍ പാര്‍ലമെന്റ് സമുച്ചയത്തിലെ 56 പേര്‍ക്കാണ് മൊത്തം രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ലോക്സഭാ, രാജ്യസഭാ എംപിമാരും ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

മന്ത്രി സുരേഷ് അംഗാഡി, മീനാക്ഷി ലേഖി, ആനന്ദ് കുമാര്‍ ഹെഗ്ഡെ, പര്‍വേഷ് സാഹിബ് സിംഗ്, റീത്ത ബഹുഗുണ ജോഷി, കൗശല്‍ കിഷോര്‍, കോണ്‍ഗ്രസിന്റെ ദീപേന്ദര്‍ സിംഗ് ഹൂഡ, നരന്‍ഭായ് ജെ രത്വ, ബിജെപിയുടെ അസോക് ഗസ്തി, അഭയ് ഭരദ്വാജ്, എഐഎഡിഎംകെയുടെ നവ്നീത കൃഷ്ണന്‍, ആംആദ്മിയുടെ സുശീല്‍ കുമാര്‍ ഗുപ്ത, ടിആര്‍എസിന്റെ വി ലക്ഷ്മികാന്ത റാവു എഐടിസിയുടെ ശാന്ത ഛെത്രി തുടങ്ങിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

പാര്‍ലമെന്റിലെ 785 എംപിമാരില്‍ ഇരുന്നൂറോളം പേര്‍ 65 വയസിനു മുകളിലുള്ളവരാണ്. നേരത്തെ 25 എംപി/ എംഎല്‍എമാര്‍ക്കും ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പടെ ഏഴോളം കേന്ദ്രമന്ത്രിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.




Tags: