'പാര്‍ട്ടിക്കകത്ത് അഴിച്ചുപണി അനിവാര്യം'; സോണിയാ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്

Update: 2020-08-23 05:30 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപെട്ട് സോണിയാ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്. 23 മുതിര്‍ന്ന നേതാക്കളാണ് പാര്‍ട്ടിയുടെ അധ്യക്ഷയ്ക്ക് ഈ ആവശ്യവുമുന്നയിച്ച് കത്തയച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ അഞ്ച് മുന്‍ മുഖ്യമന്ത്രിമാരും കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റ് അംഗങ്ങളും, മുന്‍ കേന്ദ്ര മന്ത്രിമാരും എംപിമാരും ഉണ്ട്

രാജ്യം കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ കോണ്‍ഗ്രസിന്റെ പ്രതികരണം നിരാശാജനകമാണെന്ന് നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയിലെ അധികാരം കേന്ദ്രീകരിക്കപ്പെടാതെ അധികാര വികേന്ദ്രീകരണം കൊണ്ടുവരണം. അടിത്തട്ട് മുതല്‍ എല്ലാ കമ്മിറ്റികളിലും തിരഞ്ഞെടുപ്പ് നടത്തണം. പാര്‍ട്ടിക്കുള്ളിലെ കൊഴിഞ്ഞുപോക്ക്, പ്രവര്‍ത്തകരുടെ ധാര്‍മികത നഷ്ടപ്പെടല്‍ തുടങ്ങിയ കാര്യങ്ങളും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ഒരു വര്‍ഷത്തിലേറെയായിട്ടും, തുടര്‍ച്ചയായ ''ഇടിവിന്'' കാരണങ്ങള്‍ കണ്ടെത്താന്‍ പാര്‍ട്ടി ''സത്യസന്ധമായ ആത്മപരിശോധന'' നടത്തിയിട്ടില്ലെന്ന് നേതാക്കള്‍ കത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നിലപാടുകളില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം നിരാശജനകമാണെന്നും കത്തില്‍ കുറ്റപ്പെടുത്തി. ഭയത്തിന്റെയും സുരക്ഷിതമില്ലായിമ്മയുടെയും അന്തരീക്ഷം, ബിജെപിയുടെയും സംഘപരിവാറുകളുടെയും സാമുദായികവും വിഭജനപരവുമായ അജണ്ട, സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ പകര്‍ച്ചവ്യാധി മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍, അതിര്‍ത്തിയിലെ വെല്ലുവിളികള്‍, ചൈനയുമായുള്ള നിലപാട്, വിദേശനയത്തിലെ വ്യതിചലനം എന്നിവ ഉല്‍പെടുത്തിയാണ് കത്തെഴുതിയിരിക്കുന്നത്. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പ് തോല്‍വി കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും തോല്‍വിയുടെ കാരണം കണ്ടെത്തുന്നതിനുള്ള ആത്മാര്‍ത്ഥമായ ഒരു ശ്രമം പാര്‍ട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

2024 ല്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നിറക്കി കോണ്‍ഗ്രസിന് വീണ്ടും മുന്നോട്ടുവരണമെങ്കില്‍ കോണ്‍ഗ്രസില്‍ ഉടനടി ഒരു നേതൃത്വ മാറ്റം ഉണ്ടാവണം. നിലവില്‍ രാജ്യ ഭരിക്കുന്ന ബിജെപി രാജ്യത്തെ കടുത്ത സാമ്പത്തിക സാമൂഹിക -രാഷ്ട്രീയ വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നത്. ഇതില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് ശക്തമായ പ്രതികരണങ്ങളുണ്ടാകാത്തത് കടുത്ത നിരാശയാണ്. കോണ്‍ഗ്രസിന്റെ അടിത്തറ നഷ്ടമാകുന്നുവെന്നും നിലവിലെ സാഹചര്യത്തില്‍ ബി ജെ പി വന്‍ മുന്നേറ്റമുണ്ടാക്കുന്നതായും കത്തില്‍ പറയുന്നു. യുവ നേതാക്കളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നത് വലിയ പ്രതിസന്ധിയാണ്. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ടത് ജനാധിപത്യത്തിന്റെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്ന് കത്തില്‍ ചൂണ്ടിക്കാണ്ടി

കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ഗുലാം നബി ആസാദ്, പാര്‍ട്ടി എംപിമാരും മുന്‍ കേന്ദ്രമന്ത്രിമാരുമായ ആനന്ദ് ശര്‍മ, കപില്‍ സിബല്‍, മനീഷ് തിവാരി, ശശി തരൂര്‍, എംപി വിവേക് തങ്ക, എഐസിസി ഭാരവാഹികള്‍ സിഡബ്ല്യുസി അംഗങ്ങള്‍ മുകുള്‍ വാസ്‌നിക് ആന്‍ഡ് ജിതിന്‍ പ്രസാദ്, ഭൂപീന്ദര്‍ സിംഗ് ഹൂഡ മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരായ, രാജേന്ദര്‍ കൗര്‍ ഭത്തല്‍, എം വീരപ്പ മൊയ്‌ലി, പൃഥ്വിരാജ് ചവാന്‍, പി ജെ കുര്യന്‍, അജയ് സിംഗ്, രേണുക ചൗധരി, ഒപ്പം മിലിന്ദ് ദേവ്‌റ ഉള്‍പ്പെടെയുള്ളവരും മുന്‍ പിസിസി മേധാവികളായ രാജ് ബബ്ബാര്‍ (യുപി), അരവിന്ദര്‍ സിംഗ് ലൗലി (ഡല്‍ഹി), കൗള്‍ സിംഗ് താക്കൂര്‍ (ഹിമാചല്‍), നിലവിലെ ബീഹാര്‍ പ്രചാരണ മേധാവി അഖിലേഷ് പ്രസാദ് സിംഗ്, മുന്‍ ഹരിയാന സ്പീക്കര്‍ കുല്‍ദീപ് ശര്‍മ, ഡല്‍ഹി മുന്‍ സ്പീക്കര്‍ യോഗാനന്ദ് ശാസ്ത്രി, മുന്‍ എംപി സന്ദീപ് ദീക്ഷിത് എന്നിവരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.




Tags: