സിക്കിമില്‍ മിന്നല്‍ പ്രളയം; വാഹനം ഒലിച്ചുപോയി 23 സൈനികരെ കാണാതായി

Update: 2023-10-04 05:01 GMT

ഗാങ്‌ടോക്: സിക്കിമിലെ ലാച്ചന്‍ താഴ്‌വരയിലെ തീസ്ത നദിയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ മിന്നല്‍ പ്രളയത്തില്‍ 23 സൈനികരെ കാണാതായി. വടക്കന്‍ സിക്കിമിലെ ലോഹ്നക് തടാകത്തിനുമുകളിലുണ്ടായ മേഘവിസ്‌ഫോടനമാണ് തീസ്ത നദിയില്‍ പൊടുന്നനെ ജലനിരപ്പുയരാന്‍ കാരണമാക്കിയത്. നദിയില്‍ 15 മുതല്‍ 20 അടിവരെ ജലനിരപ്പുയര്‍ന്നു. ഇതിനിടെയാണ് സിങ്താമിലെ ബര്‍ദാങ്ങില്‍ നിര്‍ത്തിയിട്ട സൈനിക വാഹനങ്ങള്‍ ഒലിച്ചുപോയത്. കാണാതായ സൈനികര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ലാച്ചന്‍ താഴ്‌വരയിലെ വിവിധ സൈനിക ക്യാംപുകളെയും വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്. ചുങ്താങ് അണക്കെട്ടില്‍നിന്ന് വെള്ളം ഒഴുക്കിവിട്ടതും ദുരന്തത്തിന് ആക്കംകൂട്ടിയതായാണ് റിപോര്‍ട്ട്. കനത്ത വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് സിങ്താം ഫൂട്ട് പാലം തകര്‍ന്നു. പശ്ചിമബംഗാളിനെയും സിക്കിമിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത പത്തിന്റെ പല ഭാഗങ്ങളും ഒലിച്ചുപോയി. പല റോഡുകളും ഗതാഗതയോഗ്യമല്ലാതായി.

Tags:    

Similar News