കനത്ത മഞ്ഞുവീഴ്ച; ആയിരക്കണക്കിന് വാഹനങ്ങള്‍ കുടുങ്ങി, പാകിസ്താനില്‍ 10 കുട്ടികള്‍ അടക്കം 22 പേര്‍ മരിച്ചു

Update: 2022-01-09 03:47 GMT

ഇസ്‌ലാമാബാദ്: വടക്കന്‍ പാകിസ്താനില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്നു വാഹനങ്ങളില്‍ കുടുങ്ങിയ 10 കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ചു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ പ്രശസ്തമായ ഹില്‍ സ്‌റ്റേഷനായ മുറേയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ആയിരക്കണക്കിന് വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ മുറേയില്‍ പ്രവേശിച്ചതോടെ നഗരത്തിലേക്കുള്ള എല്ലാ വഴികളും ബ്ലോക്കായി. ഇതോടെ മണിക്കൂറുകളാണ് വിനോദസഞ്ചാരികള്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിയത്. മിക്കവരും ഹൈപ്പോതെര്‍മിയ ബാധിച്ചാണ് മരിച്ചത്.

ശരീരത്തില്‍ പൊടുന്നനെ താപനില കുറയുന്ന അവസ്ഥയാണിത്. കാറിലെ ഹീറ്ററുകള്‍ തുടര്‍ച്ചയായി ദീര്‍ഘനേരം പ്രവര്‍ത്തിച്ചതുമൂലം കാറിനുള്ളില്‍നിന്നുണ്ടായ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷവാതകം ശ്വസിച്ചും ചിലര്‍ മരണപ്പെട്ടു. മരിച്ചവരില്‍ ഇസ്‌ലാമാബാദ് പോലിസിലെ രണ്ട് ഓഫിസര്‍മാരും ഏഴംഗ കുടുംബാംഗങ്ങളുമുണ്ട്. അപ്രതീക്ഷിതമായി രാത്രി മഞ്ഞുവീഴ്ചയുണ്ടാവുകയും താപനില ക്രമാതീതമായി താഴുകയും ചെയ്തതോടെ വാഹനങ്ങള്‍ റോഡില്‍ പെട്ടുപോകുകയായിരുന്നു എന്ന് അധികൃതര്‍ പറഞ്ഞു. ഹില്‍സ് റിസോര്‍ട്ട് പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായി കനത്ത് മഞ്ഞുവീഴ്ചയുണ്ടായിരുന്നു.

റോഡില്‍ നാലടി പൊക്കത്തിലാണ് മഞ്ഞുവീണത്. ആയിരക്കണക്കിന് വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങാന്‍ ഇത് കാരണമായി. താപനില 8 ഡിഗ്രി വരെ താഴ്ന്നിരുന്നു. അര്‍ധസൈനിക വിഭാഗത്തിന്റെയും പ്രത്യേക സൈനിക വിഭാഗത്തിന്റെയും സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നിരവധി വാഹനങ്ങള്‍ മഞ്ഞില്‍ നിന്ന് പുറത്തെടുത്തെങ്കിലും ഇപ്പോഴും നൂറുക്കണക്കിന് വാഹനങ്ങള്‍ മഞ്ഞില്‍ പുതഞ്ഞുകിടക്കുകയാണെന്നാണ് വിവരം.

രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും ഒറ്റപ്പെട്ട വിനോദസഞ്ചാരികള്‍ക്ക് സഹായം നല്‍കാനും പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബുസ്ദാര്‍ നിര്‍ദേശം നല്‍കി. ആശുപത്രികളിലും പോലിസ് സ്‌റ്റേഷനുകളും സര്‍ക്കാര്‍ ഓഫിസുകളിലും പഞ്ചാബ് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റോഡില്‍ കുടുങ്ങിയ വാഹനങ്ങള്‍ പുറത്തേയ്ക്ക് എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും സഞ്ചാരികള്‍ മുറീയിലേയ്ക്ക് വരുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. മഞ്ഞുവീഴ്ച കനത്തതോടെ റോഡിലെ തടസ്സം നീക്കാനായി വലിയ യന്ത്രങ്ങളും എത്തിക്കേണ്ടിവന്നതായി അസിസ്റ്റന്റ് കമ്മീഷണര്‍ ഉമര്‍ മഖ്ബൂല്‍ പറഞ്ഞു.

Tags: