സീറ്റ് നിഷേധം; 22 നേതാക്കള്‍ ചിരാഗ് പാസ്വാന്റെ പാര്‍ട്ടി വിട്ടു, ഇന്‍ഡ്യാ മുന്നണിയിലേക്കെന്ന് സൂചന
പറ്റ്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിക്കാത്തതില്‍ അമര്‍ഷം പ്രകടിപ്പിച്ച് ലോക്ജനശക്തി പാര്‍ട്ടിയില്‍(രാം വിലാസ്) 22 പാര്‍ട്ടി നേതാക്കള്‍ ഒരേസമയം രാജിവച്ചു. മുന്‍ മന്ത്രി രേണു കുശ്‌വാഹ, മുന്‍ എംഎല്‍എയും എല്‍ജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ സതീഷ് കുമാര്‍, സംസ്ഥാന സംഘടനാ മന്ത്രി രവീന്ദ്ര സിങ്, അജയ് കുശ്‌വാഹ, സഞ്ജയ് സിങ്, സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് ഡാംഗി എന്നിവരും രാജിവച്ച പ്രമുഖരില്‍ ഉള്‍പ്പെടുന്നു. പാര്‍ട്ടി അണികള്‍ക്കിയിലെ അതൃപ്തിയില്‍ നിന്നാണ് രാജി തരംഗം ഉടലെടുത്തതെന്നാണ് സൂടന. പണം വാങ്ങി സീറ്റ് നല്‍കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മുന്‍ എംഎല്‍എയും എല്‍ജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ സതീഷ് കുമാറും വിമത എല്‍ജെപി നേതാക്കളും ഇനി ഇന്‍ഡ്യാ മുന്നണിയെ പിന്തുണയ്ക്കുമെന്നാണ് റിപോര്‍ട്ട്. ചിരാഗ് പാസ്വാന്‍ 'ടിക്കറ്റുകള്‍ വിറ്റു' എന്ന് പാര്‍ട്ടിയുടെ സംഘടനാ സെക്രട്ടറി രവീന്ദ്ര സിങ് അവകാശപ്പെട്ടു. ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) ബീഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ അഞ്ചിലാണ് മല്‍സരിക്കുന്നത്. വൈശാലി, ഹാജിപൂര്‍, സമസ്തിപൂര്‍, ഖഗാരിയ, ജാമുയി എന്നിവിടങ്ങളിലാണ് മല്‍സരിക്കുന്നത്. ബിഹാറില്‍ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ 19നും രണ്ടാംഘട്ടം ഏപ്രില്‍ 26നും മൂന്നാംഘട്ടം മെയ് ഏഴിനും നാലാംഘട്ടം മെയ് 13നും അഞ്ചാംഘട്ടം മെയ് 20നും ആറാംഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂണ്‍ ഒന്നിനും നടക്കും.