വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്
രക്തത്തിലെ ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ കണ്ടെത്തലിനാണ് പുരസ്‌ക്കാരം ലഭിച്ചത്
സ്റ്റോക്ക്‌ഹോം: ഇത്തവണത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്. രക്തത്തിലെ ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ കണ്ടെത്തലിനാണ് പുരസ്‌ക്കാരം ലഭിച്ചത്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഹാര്‍വി ആള്‍ട്ടറും ചാള്‍സ് റൈസും, ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ മൈക്കല്‍ ഹ്യൂട്ടനുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. സ്റ്റോക്ക് ഹോമിലെ കരോളിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചാണ് നൊബേല്‍ അസംബ്ലി പുരസ്‌കാരം പ്രഖ്യാപിച്ചത്.
രക്തത്തിലെ ഹെപ്പറ്റൈറ്റിസ് സി എന്ന വൈറസ് സിറോസിസും, കരളിലെ ക്യാന്‍സറുമടക്കമുള്ള ഗുരുതരരോഗങ്ങളിലേക്ക് നയിക്കുന്നതാണെന്നും ഇതിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ നാഴികക്കല്ലാകുന്ന കണ്ടെത്തലാണ് ഇതെന്നും നൊബേല്‍ സമ്മാനജൂറി വിലയിരുത്തി. ലോകമെമ്പാടും 70 ദശലക്ഷത്തിലധികം ഹെപ്പറ്റൈറ്റിസ് കേസുകളും ഓരോ വര്‍ഷവും 400,000 മരണങ്ങളും നടക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കരളിലെ ക്യാന്‍സറിനു വരെ കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് സി വൈറസ് ബാധിച്ച് 2016ല്‍ മാത്രം 399000 പേര്‍ മരിച്ചിട്ടുണ്ട്.
ഭൗതികശാസ്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും നോബേല്‍ സമ്മാനങ്ങള്‍ നാളെ പ്രഖ്യാപിക്കും. ഏറെ കാത്തിരിക്കുന്ന സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വ്യാഴാഴ്ചയായിരിക്കും പ്രഖ്യാപിക്കുക. വെള്ളിയാഴ്ച സാഹിത്യ നോബല്‍ സമ്മാനവും പ്രഖ്യാപിക്കും. സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌ക്കാരം ഒക്ടോബര്‍ 12 തിങ്കളാഴ്ചയാണ് പ്രഖ്യാപിക്കുക.