60 പേര്‍ കൊല്ലപ്പെട്ട മുസഫര്‍ നഗര്‍ കലാപം; ഹിന്ദുക്കള്‍ക്കെതിരായ 18 കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം

131 കേസുകള്‍ പിന്‍വലിക്കുന്നതിനെ കുറിച്ച് ജില്ലാ ഭരണകൂടത്തിന്റെ അഭിപ്രായം തേടി ഒമ്പതു മാസങ്ങള്‍ക്കു ശേഷമാണ് ഹിന്ദുക്കള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത 18 കേസുകള്‍ പിന്‍വലിക്കുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കാന്‍ സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തോട് ഉത്തരവിട്ടത്.

Update: 2019-01-28 02:31 GMT

ലഖ്‌നോ: നിരവധി പേര്‍ കൊല്ലപ്പെടുകയും കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകള്‍ നശിപ്പിക്കപ്പെടുകയും ചെയ്ത മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട 18 കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു. 131 കേസുകള്‍ പിന്‍വലിക്കുന്നതിനെ കുറിച്ച് ജില്ലാ ഭരണകൂടത്തിന്റെ അഭിപ്രായം തേടി ഒമ്പതു മാസങ്ങള്‍ക്കു ശേഷമാണ് ഹിന്ദുക്കള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത 18 കേസുകള്‍ പിന്‍വലിക്കുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കാന്‍ സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തോട് ഉത്തരവിട്ടത്.

18 കേസുകള്‍ പിന്‍വലിക്കുന്നതിന് സംസ്ഥാന നിയമവകുപ്പില്‍ നിന്നുള്ള അപേക്ഷ മൂന്ന് ദിവസം മുമ്പ് ലഭിച്ചതായി ജില്ലാ ഭരണകൂട കൗണ്‍സല്‍ രാജീവ് ശര്‍മ പറഞ്ഞു. രേഖകള്‍ പരിശോധിച്ച് ഇവ ഉടന്‍ തന്നെ കോടതിക്ക് കൈമാറും. കലാപം, സായുധ നിയമം, കൊള്ള തുടങ്ങിയ വകുപ്പുകള്‍ ചാര്‍ത്തിയ കുറ്റങ്ങളാണ് പിന്‍വലിക്കുന്നവയില്‍പ്പെടുന്നത്.

2013ല്‍ മുസഫര്‍ നഗറിലും സമീപ ജില്ലകളിലും മുസ്ലിംകള്‍ക്കെതിരേ ഹിന്ദുത്വര്‍ ആസൂത്രിതമായി നടത്തിയ കലാപത്തില്‍ 60ഓളം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ അഭയാര്‍ഥികളാക്കപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ബിജെപി എംപി സഞ്ജീവ് ബല്യാന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ട് ഹിന്ദുക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഒരു മാസത്തിന് ശേഷം 131 കേസുകള്‍ പിന്‍വലിക്കുന്നതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തോടെ അഭിപ്രായം തേടുകയായിരുന്നു. പൊതുജന താല്‍പര്യം മാനിച്ചാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, കഴിഞ്ഞ ആഗസ്തില്‍ ഈ നീക്കത്തെ ജില്ലാ ഭരണകൂടം എതിര്‍ത്തിരുന്നു.   

Tags: