അന്തരീക്ഷമലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ ഒറ്റ, ഇരട്ട വാഹനങ്ങള്‍ക്ക് നിയന്ത്രണം, 200 ട്രാഫിക് പോലിസുകാരെ വിന്യസിച്ചു

സംസ്ഥാനത്തിന് പുറത്തുനിന്നുമെത്തുന്ന വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. ഇരുചക്രവാഹനങ്ങളെയും വൈദ്യുതവാഹനങ്ങളെയും നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Update: 2019-11-04 01:46 GMT

ന്യൂഡല്‍ഹി: അന്തരീക്ഷമലിനീകരണം വന്‍തോതില്‍ വര്‍ധിച്ചതോടെ ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ ഒറ്റ, ഇരട്ട വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ എട്ട് മുതലാണ് നിയന്ത്രണം. വാഹനനിയന്ത്രണം നടപ്പാക്കാന്‍ ഡല്‍ഹി ട്രാഫിക് പോലിസിന്റെ 200 അംഗ സംഘത്തെയും 5,000 സന്നദ്ധപ്രവര്‍ത്തകരെയും നിയോഗിച്ചു. ഇന്ന് മുതല്‍ ഒറ്റ, ഇരട്ട വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളിലാവും നിരത്തില്‍ പ്രവേശനം അനുവദിക്കുക. 15 വരെയാണ് നിയന്ത്രണം. ഈ ദിവസങ്ങളില്‍ ഒമ്പതര മുതല്‍ ആറുവരെ, പത്തര മുതല്‍ ഏഴുവരെ എന്നിങ്ങനെ സര്‍ക്കാര്‍ ഓഫിസുകളുടെ സമയം ക്രമീകരിച്ചു. രജിസ്റ്റര്‍ നമ്പര്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് നവംബര്‍ നാല്, ആറ്, എട്ട്, 12, 14 ദിവസങ്ങളില്‍ നിരത്തില്‍ പ്രവേശനമില്ല.

ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന രജിസ്റ്റര്‍ നമ്പറുള്ള വാഹനങ്ങള്‍ക്ക് നവംബര്‍ അഞ്ച്, ഏഴ്, ഒമ്പത്, 11, 13, 15 ദിവസങ്ങളിലും നിരത്തില്‍ പ്രവേശനമുണ്ടാവില്ല. നിയന്ത്രണം 15ന് അവസാനിക്കുമെങ്കിലും അന്തരീക്ഷ മലിനീകരണ തോത് ഉയര്‍ന്നിരുന്നാല്‍ ഇത് ദീര്‍ഘിപ്പിച്ചേക്കും. നവംബര്‍ 10ന് വാഹനനിയന്ത്രണമില്ല. സംസ്ഥാനത്തിന് പുറത്തുനിന്നുമെത്തുന്ന വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. ഇരുചക്രവാഹനങ്ങളെയും വൈദ്യുതവാഹനങ്ങളെയും നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആംബുലന്‍സ്, സ്‌കൂള്‍ വാഹനങ്ങള്‍, വിഐപികളുമായി പോവുന്ന വാഹനങ്ങള്‍, സ്ത്രീകള്‍ മാത്രം സഞ്ചരിക്കുന്ന വാഹനങ്ങള്‍, 12 വയസ് വരെ പ്രായമുള്ള കുട്ടികളുമായി പോകുന്ന വാഹനങ്ങള്‍, ശാരീരിക വൈകല്യമുള്ളവരുള്ള വാഹനങ്ങള്‍ എന്നിവയ്ക്കും ഇളവ് ലഭിക്കും.

ഒറ്റ, ഇരട്ട പദ്ധതി പ്രാബല്യത്തില്‍ വരുന്ന 11 ദിവസങ്ങളില്‍ ഡല്‍ഹി മെട്രോ 61 അധിക സര്‍വീസുകള്‍ നടത്തും. 5,600 ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും (ഡിടിസി) ക്ലസ്റ്റര്‍ ബസ്സുകളും പ്രത്യേക സര്‍വീസുകള്‍ നടത്തും. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം അത്യന്തം അപകടകരമായ നിലയിലേക്ക് കടക്കുകയാണ്. വായു മലിനീകരണതോത് ഉയരുന്നതിന് പിന്നാലെ നഗരത്തിലും സമീപപട്ടണങ്ങളിലും പുകമഞ്ഞ് വ്യാപകമായതും സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കി. പലരും ശ്വാസംമുട്ടല്‍ പോലുള്ള അസ്വസ്ഥതകള്‍ നേരിടുകയാണ്. പൊതുജനങ്ങള്‍ക്കായി ഡല്‍ഹി സര്‍ക്കാര്‍ ആരോഗ്യജാഗ്രതാ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും വെള്ളിയാഴ്ച വരെ അവധി നല്‍കിയിട്ടുണ്ട്. മലിനീകരണത്തെക്കുറിച്ച് പഠിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച സമിതി ഇന്ന് റിപോര്‍ട്ട് സമര്‍പ്പിക്കും. ഡല്‍ഹിയിലെ അന്തരീക്ഷത്തില്‍ സംഭവിക്കുന്നതെന്താണെന്നത് സംബന്ധിച്ച് കൃത്യമായ ഉത്തരം സമിതിയില്‍നിന്നുണ്ടാവുമെന്നാണ് കരുതുന്നത്. 

Tags: