അമേരിക്കയില്‍ ചെറുവിമാനം തകര്‍ന്നു; 18 യാത്രക്കാരും ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു

Update: 2021-10-20 02:11 GMT

ടെക്‌സസ്: അമേരിക്കയില്‍ പറന്നുയരുന്നതിനിടെ വിമാനം തകര്‍ന്നുവീണു. ടെക്‌സസിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന 18 യാത്രക്കാരും രണ്ട് പൈലറ്റുമാരും ഒരു അറ്റന്‍ഡറും അത്ഭുതകരമായി രക്ഷപ്പെട്ടു. ബ്രൂക്ക്‌ഷെയറിലെ ഹൂസ്റ്റണ്‍ എക്‌സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍നിന്നും ബോസ്റ്റണിലേക്ക് പറന്നുയര്‍ന്ന ഇരട്ട എന്‍ജിനുള്ള വിമാനത്തിനാണ് തീപ്പിടിച്ചത്. ഹൂസ്റ്റണ്‍ ആസ്‌ട്രോസും ബോസ്റ്റണ്‍ റെഡ് സോക്‌സും തമ്മിലുള്ള പ്ലേഓഫ് ബേസ്‌ബോള്‍ മല്‍സരം കാണാനുള്ള ആരാധകരുമായി പോയ എംഡി 87 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.


 10 വയസ്സുള്ള കുട്ടിയും വിമാനത്തിലുണ്ടായിരുന്നു. വിമാനം വേലിയിലിടിച്ച് തീപ്പിടിക്കുകയും സമീപത്തെ മൈതാനത്ത് തകര്‍ന്നുവീഴുകയുമായിരുന്നു. വിമാനത്തിലുണ്ടായിരുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്‌നിശമനസേന ഉടന്‍ സ്ഥലത്തെത്തി തീയണച്ചതിനെത്തുടര്‍ന്ന് വന്‍ ദുരന്തമൊഴിവായി. 'ഇതൊരു നല്ല ദിവസമാണ്. യഥാര്‍ഥത്തില്‍ ധാരാളം ആളുകള്‍ക്ക് ആഘോഷത്തിന്റെ ദിവസമാണ്- ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി വക്താവ് സര്‍ജന്റ്.

സ്റ്റീഫന്‍ വുഡാര്‍ഡ് സംഭവസ്ഥലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായതിനെത്തുടര്‍ന്ന് രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് വിമാനത്താവളത്തില്‍ തിരികെയെത്തി. വിമാനം അപകടത്തില്‍പ്പെടുന്നതിന് മുമ്പ് 150 മീറ്റര്‍ വയലിലൂടെ നിരങ്ങിപ്പോയതായി വുഡാര്‍ഡ് പറഞ്ഞു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷ(എഫ്എഎ) നും നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും (എന്‍ടിഎസ്ബി) അപകടത്തെക്കുറിച്ച് അന്വേഷിക്കും.

Tags: