'ഇന്ത്യ' പ്രതിനിധിസംഘം മണിപ്പൂരിലേക്ക് പുറപ്പെട്ടു; ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിക്കും

Update: 2023-07-29 06:13 GMT

ന്യൂഡല്‍ഹി: മൂന്നു മാസത്തിലേറെയായി കലാപം തുടരുന്ന മണിപ്പൂരിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കാന്‍ പ്രതിപക്ഷ വിശാല സഖ്യമായ 'ഇന്ത്യ'യിലെ പ്രതിനിധിസംഘം മണിപ്പൂരിലേക്ക് പുറപ്പെട്ടു. രണ്ടു സംഘമായി നടത്തുന്ന സന്ദര്‍ശനത്തിലെ ആദ്യസംഘത്തില്‍ 20 പേരാണുള്ളത്. 16 പാര്‍ട്ടികളുടെ പ്രതിനിധികളാണ് ദ്വിദിന സന്ദര്‍ശനം നടത്തുന്നത്. കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി നയിക്കുന്ന ആദ്യസംഘത്തില്‍ സുസ്മിത ദേവ് (തൃണമൂല്‍ കോണ്‍ഗ്രസ്), കനിമൊഴി (ഡിഎംകെ), പി സന്തോഷ് കുമാര്‍(സിപിഐ), എ എ റഹീം(സിപിഎം), മനോജ് ഝാ (ആര്‍ജെഡി), ജാവേദ് അലിഖാന്‍(സമാജ്‌വാദി പാര്‍ട്ടി), ഡി രവികുമാര്‍(ഡിഎംകെ), തിരു തോല്‍ തിരുമാവളവന്‍(വിസികെ), ഫുലോദേവി നേതം(കോണ്‍ഗ്രസ്) എന്നിവരാണ് ആദ്യസംഘത്തിലുള്ളത്. കുക്കി-മെയ്തി സമുദായങ്ങളിലെ അംഗങ്ങളെ കാണാന്‍ ശ്രമിക്കുമെന്നും മണിപ്പൂരിലെ ജനങ്ങള്‍ പറയുന്നത് കേള്‍ക്കുമെന്നും സംഘാംഗമായ തൃണമൂല്‍ കോണ്‍ഗ്രസ് എം പി സുസ്മിത ദേവ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നും നാളെയുമായി മണിപ്പൂരിലെ ദുരിതാശ്വാസക്യാംപുകള്‍ അടക്കം സന്ദര്‍ശിക്കുന്ന സംഘം ഗവര്‍മണറുമായും കൂടിക്കാഴ്ച നടത്തും.

    രണ്ടാംഘട്ടത്തില്‍ ലാലന്‍ സിങ് ജനതാദള്‍(യു), ഗൗരവ് ഗൊഗോയ്, മുഹമ്മദ് ഫൈസല്‍(എന്‍സിപി), അനില്‍ ഹെഗ്‌ഡെ(ജെഡിയു), ഇ ടി മുഹമ്മദ് ബഷീര്‍(മുസ്‌ലിം ലീഗ്), എന്‍ കെ പ്രേമചന്ദ്രന്‍(ആര്‍എസ്പി), സുശീല്‍ ഗുപ്ത(ആം ആദ്മി പാര്‍ട്ടി), അരവിന്ദ് സാവന്ത്(ശിവസേന), മഹുവ മാജി(ജെഎംഎം). ജയന്ത് ചൗധരി(ആര്‍എല്‍ഡി) എന്നിവരാണുള്ളത്. ഇന്ന് രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് ഇന്‍ഡിഗോ 6ഇ2615 വിമാനത്തിലാണ് സംഘം പുറപ്പെട്ടത്. കലാപ ബാധിതമേഖലകള്‍ സന്ദര്‍ശിച്ച് ഞായറാഴ്ച മടങ്ങും. ആദ്യസംഘം ഉച്ചയ്ക്കു 12ഓടെ ഇംഫാല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരും. തുടര്‍ന്ന് ഹെലികോപ്ടറില്‍ ചുരാചന്ദ്പൂര്‍ ജില്ലയിലേക്ക് പുറപ്പെടും. 1:10ന് ചുരാചന്ദ്പൂര്‍ കോളജിലെ ബോയ്‌സ് ഹോസ്റ്റലില്‍ പ്രവൃത്തിക്കുന്ന ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിക്കും. 2.50ന് ഇംഫാല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ബിഷ്ണുപൂരിലെ മൊയ്‌റാങ് കോളജ് ദുരിതാശ്വാസ ക്യാംപിലേക്ക് പുറപ്പെടും. 3.30ന് ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്‌റാങ് കോളജ് ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിക്കുന്ന സംഘം 4.20ന് ഇംഫാലിലെ ഹോട്ടല്‍ ക്ലാസിക് ഗ്രാന്‍ഡെയിലേക്ക് പോവും.

    രണ്ടാം സംഘം ചുരാചന്ദ്പൂര്‍ ഹെലിപാഡില്‍ നിന്ന് ഉച്ചയ്ക്ക് 1.50ന് ചുരാചന്ദ്പൂര്‍ ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലെത്തും. 3.25ന് ഇംഫാല്‍ വിമാനത്താവളത്തിലെത്തി ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ അകമ്പാട്ടിലെ ഐഡിയല്‍ ഗേള്‍സ് കോളജിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിക്കും. തുടര്‍ന്ന് 4.35ന് റോഡ് മാര്‍ഗം ലംബോയ്‌ഖോങ്കോങ് ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിക്കും. 5:10ന് താമസസ്ഥലമായ ഇംഫാലിലെ ഹോട്ടല്‍ ക്ലാസിക് ഗ്രാന്‍ഡെയില്‍ എത്തും. നാളെ രാവിലെ 9.45ന് ഇംഫാലിലെ രാജ്ഭവനിലേക്ക് പുറപ്പെടുന്ന ഇന്ത്യ എംപിമാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. 12:35ന് 6ഇ 2503 ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിക്കും. വൈകീട്ട് 3:15 ഓടെ ഡല്‍ഹിയില്‍ എത്തും. ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്.

Tags: