മുംബൈയില്‍ കൂട്ട മരംമുറി; പ്രതിഷേധക്കാര്‍ അറസ്റ്റില്‍

മരം മുറിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധവുമായി കൂടുതല്‍ പേരാണ് ആരേ കോളനിയില്‍ എത്തുന്നത്

Update: 2019-10-05 07:16 GMT

മുംബൈ: ആരേ കോളനിയിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതില്‍ പ്രതിഷേധിച്ച പ്രരിസ്ഥിതി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. 20ഓളം പ്രതിഷേധക്കാരെയാണ് പോലിസ് അറസ്റ്റ് ചെയതത്. കൂടാതെ 30 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് പുലര്‍ച്ചയാണ് ആരേ കോളനിയില്‍ മരം മുറിക്കാനെത്തിയെ അധികൃതരെ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത്. 2500ഓളം മരങ്ങളാണ് വെട്ടിമാറ്റുന്നത്.

    മെട്രോ റെയിലിന്റെ കാര്‍ഷെഡ് നിര്‍മിക്കുന്നതിനുവേണ്ടിയാണ് ആരേ കോളനിയിലെ മരങ്ങള്‍ വെട്ടിമാറ്റുന്നത്. മരം മുറിക്കുന്നതിനെതിരേ സമര്‍പ്പിച്ച നാല് ഹരജികള്‍ ബോംബെ ഹൈകോടതി തള്ളിരുന്നു. സുപ്രിംകോടതിയുടേയും ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്. ഇതോടെയാണ് മെട്രോ അധികൃതര്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്ന നടപടികളിലേക്ക് കടന്നത്. മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയെങ്കിലും ആ ഉത്തരവ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് 15 ദിവസം കഴിഞ്ഞതിനുശേഷം മാത്രമേ നടപടികളിലേക്ക് കടക്കാവൂ എന്നാണ് പരിസ്ഥിതിവാദികളുടെ വാദം. അതിനാല്‍ മരങ്ങള്‍ മുറിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സപ്തംബര്‍ 13ന് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയിട്ടുണ്ടെന്നും ഹൈക്കോടതി വിധിക്കായാണ് ഇതുവരെ കാത്തിരുന്നതെന്നും മുംബൈ മെട്രോ റെയില്‍ അധികൃതര്‍ പറഞ്ഞു.

    മുംബൈയുടെ ശ്വാസകോശം അന്നറിയപ്പെടുന്ന മരങ്ങളാണ് അധികൃതര്‍ നശിപ്പിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. മരം മുറിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധവുമായി കൂടുതല്‍ പേരാണ് ആരേ കോളനിയില്‍ എത്തുന്നത്.





Tags:    

Similar News