കുഴല്‍കിണറില്‍ വീണ കുഞ്ഞ് 100 അടി താഴ്ചയിലേക്ക് പതിച്ചു; രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സങ്കീര്‍ണമാവുന്നു

കുഴല്‍കിണറിന് സമീപം ഒരുമീറ്റര്‍ വീതിയില്‍ വഴിതുരക്കുകയാണിപ്പോള്‍. ദേശീയ ദുരന്തപ്രതിരോധ സേനയും സംസ്ഥാന ദുരന്തപ്രതിരോധ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.

Update: 2019-10-26 17:14 GMT

ചെന്നൈ: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ കുട്ടി കൂടുതല്‍ താഴ്ചയിലേക്കു പതിച്ചതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. 85 ആഴത്തിലായിരുന്ന കുട്ടി ഇപ്പോള്‍ 100 അടിയിലേക്ക് വീണതായാണ് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ആദ്യം 26 അടി താഴ്ചയിലേക്ക് പതിച്ച കുട്ടി മുകളിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ 68 അടിയിലേക്ക് പതിക്കുകയായിരുന്നു. അവിടെ നിന്നാണ് വീണ്ടും ആഴത്തിലേക്ക് വീണത്. അണ്ണാ യൂനിവേഴ്‌സിറ്റിയില്‍നിന്ന് എത്തിച്ച ഹൈഡ്രോളിക് റോബോട്ട് ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും പരാജയപ്പെട്ടു.


 കുഴല്‍കിണറിന് സമീപം ഒരുമീറ്റര്‍ വീതിയില്‍ വഴിതുരക്കുകയാണിപ്പോള്‍. ദേശീയ ദുരന്തപ്രതിരോധ സേനയും സംസ്ഥാന ദുരന്തപ്രതിരോധ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. കുട്ടി കുടുങ്ങിയിരിക്കുന്ന ഇടത്തേക്ക് ദുരന്തപ്രതിരോധസേനയുടെ ഉദ്യോഗസ്ഥന്‍ ഈ തുരങ്കത്തിലൂടെ പോവും. കുട്ടിയെ എടുത്ത് പുറത്തേക്കുകൊണ്ടുവരാനാണ് ശ്രമം. മണ്ണിടിച്ചില്‍ ഭീഷണിയും അപകടസാധ്യതയും ഏറെയെങ്കിലും മറ്റു വഴികള്‍ മുന്നിലില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വെള്ളിയാഴ്ച വൈകീട്ട് 5.30നാണ് പ്രദേശവാസിയായ ബ്രിട്ടോ എന്നയാളുടെ ഇളയമകനായ സുജിത് വില്‍സനാണ് കുഴല്‍ക്കിണറില്‍ വീണത്.

കളിച്ചുകൊണ്ടിരുന്ന കുട്ടി കെട്ടിയടയ്ക്കാതെ ഉപേക്ഷിച്ചിട്ടിരുന്ന കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുഴല്‍കിണറിനുള്ളില്‍നിന്ന് കരച്ചില്‍ കേട്ടു. ശനിയാഴ്ച രാവിലെ കയറിട്ട് കുഞ്ഞിന്റെ ഒരു കൈയില്‍ കുരുക്കിട്ടു 26 അടിയില്‍ തന്നെ താങ്ങിനിര്‍ത്തിയിരുന്നു. എന്നാല്‍, കുട്ടിയുടെ ശരീരത്തില്‍ ചളിയുള്ളതിനാല്‍ പിന്നീട് ഊര്‍ന്നുപോയി. രണ്ടുതവണയും കയറില്‍ കുരുക്കി മുകളിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും കുട്ടി താഴേക്ക് പതിക്കുകയായിരുന്നു. കുഴല്‍ക്കിണറിന് 600 അടി ആഴമാണുള്ളത്.

ട്യൂബ് വഴി കുട്ടിക്ക് ഓക്‌സിജനെത്തിക്കുന്നുണ്ട്. ആദ്യസമയത്ത് കുട്ടി പ്രതികരിച്ചിരുന്നെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണി മുതല്‍ പ്രതികരണമില്ല. കുട്ടി തളര്‍ന്നുപോയതും കാരണമാവാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയെ രക്ഷപ്പെടുത്തുന്നതിന് എല്ലാ ശ്രമവും നടത്തുമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതല്‍ സേനയെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തപ്രതികരണസേനയുടെ 70 അംഗ സംഘമാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. 

Tags:    

Similar News