ലണ്ടനില്‍ കത്തിയാക്രമണം; രണ്ടു പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്, ആക്രമിയെ പോലിസ് വെടിവെച്ചു കൊന്നു

2010ല്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ച് ആക്രമണ ഗൂഢാലോചനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ച 28കാരനായ ഉസ്മാന്‍ ഖാന്‍ ആണ് ആക്രമണത്തിനു പിന്നിലെന്ന് പോലിസ് പറഞ്ഞു.

Update: 2019-11-30 01:33 GMT

ലണ്ടന്‍: നഗരത്തിലെ പ്രശസ്തമായ ലണ്ടന്‍ പാലത്തില്‍ യുവാവ് കത്തിയുമായി നടത്തിയ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. മൂന്നിലധികം പേര്‍ക്ക് പരിക്കേറ്റു. നഗരത്തെ ഭീതിയിലാഴ്ത്തിയ യുവാവിനെ പോലിസ് വെടിവച്ച് കൊന്നു. 2010ല്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ച് ആക്രമണ ഗൂഢാലോചനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ച 28കാരനായ ഉസ്മാന്‍ ഖാന്‍ ആണ് ആക്രമണത്തിനു പിന്നിലെന്ന് പോലിസ് പറഞ്ഞു. പ്രാദേശിക സമയം 1.58ന് പാലത്തിന്റെ വടക്കുഭാഗത്താണ് ആക്രമണം നടന്നത്.

ആള്‍ക്കൂട്ടത്തിന് നേരെ യുവാവ് കത്തി കൊണ്ട് ആക്രമണം നടത്തുകയായിരുന്നു. ചികില്‍സയിലുള്ളവരുടെ പരിക്ക് ഗുരുതരമാണ്. ചിലര്‍ അക്രമിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതും കുതറി മാറി എഴുന്നേല്‍ ശ്രമിക്കുന്നതിനിടെ അക്രമിയെ പ്രത്യേക സായുധ ഓഫിസര്‍മാര്‍ വെടിവച്ച് വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. സ്വന്തം ജീവന്‍ പോലും അവഗണിച്ച് പോലിസ് എത്തുന്നതിനു മുമ്പ് അക്രമിയെ നിരായുധനാക്കാനും കീഴ്‌പ്പെടുത്താനും ശ്രമിച്ചവരെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പ്രസംസിച്ചു.

സംഭവം 'തീവ്രവാദ' ആക്രമണമാണെന്ന് പോലിസ് പ്രഖ്യാപിച്ചിട്ടുണ്ട്. 2018 ഡിസംബറിലാണ് ഇയാള്‍ കര്‍ശന ഉപാധികളോടെ ജയില്‍ മോചിതനായത്. രണ്ടു വര്‍ഷം മുമ്പ് സമാന തരത്തില്‍ ലണ്ടന്‍ ബ്രിഡ്ജില്‍ ആക്രമണം നടന്നിരുന്നു. അന്നും കത്തി ഉപയോഗിച്ച് മൂന്നു പേര്‍ നടത്തിയ ആക്രമണങ്ങളില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

Similar News