ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി; രണ്ട് യാത്രക്കാര്‍ അറസ്റ്റില്‍

Update: 2023-01-09 06:56 GMT

പട്‌ന: ഡല്‍ഹിയില്‍ നിന്ന് പട്‌നയിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രണ്ട് യാത്രക്കാരെ പട്‌ന എയര്‍പോര്‍ട്ട് പോലിസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട് 7ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ 6383 വിമാനത്തിലാണ് സംഭവം. മദ്യപിച്ച ശേഷം വിമാനത്തില്‍ കയറിയ മൂന്ന് പേര്‍ ബഹളം വയ്ക്കുകയായിരുന്നു. ക്യാബിന്‍ ക്രൂ ഇടപെട്ടതോടെ അവരോടും അപമര്യാദയായി പെരുമാറി.

പൈലറ്റ് താക്കീത് നല്‍കിയിട്ടും ഇവര്‍ ബഹളം തുടരുകയായിരുന്നു. യാത്രചെയ്ത 80 മിനിറ്റോളം മദ്യപാനത്തില്‍ ഏര്‍പ്പെട്ടു. വിമാന ജീവനക്കാര്‍ വിവരം എയര്‍ ട്രാഫിക്ക് കണ്‍ട്രോളില്‍ അറിയിച്ചിരുന്നു. 8.55ന് വിമാനം പട്‌നയിലെത്തിയ ഉടനെ രണ്ടുപേരെ സിഐഎസ്എഫിന് കൈമാറി. ഒരാള്‍ രക്ഷപ്പെട്ടതായാണ് വിവരം. വിമാനക്കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പോലിസില്‍ പരാതി നല്‍കിയെന്നും ഇന്‍ഡിഗോ അറിയിച്ചു. ഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Tags: