ആടുകളെ കൊന്നെന്ന് ആരോപിച്ചു ദലിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചു; തുപ്പല്‍ നക്കിപ്പിച്ചു

എന്നാല്‍, തങ്ങള്‍ ആടുകളെ കൊന്നിട്ടില്ലെന്നും തങ്ങളുടെ കാര്‍ഷിക വിളകള്‍ നശിപ്പിച്ച ആടുകളെ കല്ലെറിഞ്ഞ് ഓടിക്കുക മാത്രമാണ് ചെയ്തതെന്നും ദലിത് യുവാക്കള്‍ പറഞ്ഞു.

Update: 2020-08-02 09:43 GMT

ജാര്‍ഖണ്ഡ്: ആടുകളെ കൊന്നെന്ന് ആരോപിച്ച് രണ്ട് ദലിത് യുവാക്കളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു തുപ്പല്‍ നക്കിപ്പിച്ചു. ജാര്‍ഖണ്ഡിലെ ഗിരിഡിഹ് ജില്ലയിലാണ് സംഭവം. അയല്‍വാസികളായ പരമാനന്ദ് ദാസ്, ശങ്കര്‍ കുമാര്‍ ദാസ് എന്നിവരാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. ഗ്രാമമുഖ്യന്‍ യോഗം വിളിച്ച് യുവാക്കളെ അവിടേക്ക് വലിച്ചിഴച്ചു കൊണ്ടുവന്ന ശേഷമാണ് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും തുപ്പല്‍ നക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തത്. ഇരുവരോടും 30,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാനും ആവശ്യപ്പെട്ടു.

    എന്നാല്‍, തങ്ങള്‍ ആടുകളെ കൊന്നിട്ടില്ലെന്നും തങ്ങളുടെ കാര്‍ഷിക വിളകള്‍ നശിപ്പിച്ച ആടുകളെ കല്ലെറിഞ്ഞ് ഓടിക്കുക മാത്രമാണ് ചെയ്തതെന്നും ദലിത് യുവാക്കള്‍ പറഞ്ഞു.
 

ഇക്കാര്യം യോഗത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞങ്കിലും യാദവ വിഭാഗത്തില്‍പെട്ട പ്രദേശവാസികള്‍ ചെവിക്കൊണ്ടില്ല. സംഭവത്തില്‍ ഗ്രാമവാസികളായ രാജേഷ് യാദവ്, സുരേന്ദ്ര യാദവ്, ദീപക് യാദവ്, കാംദേവ് യാദവ്, ബന്ദു യാദവ്, പവന്‍ യാദവ്, പപ്പു യാദവ് എന്നിവര്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

    ''ഇക്കഴിഞ്ഞ ജൂലൈ 26ന് ഞങ്ങളുടെ വിളകള്‍ നശിപ്പിച്ച ചില ആടുകളെ ഞങ്ങള്‍ കല്ലെറിഞ്ഞു. എന്നാല്‍, ചിലര്‍ അവരുടെ ആടുകളെ ഞങ്ങള്‍ കൊന്നെന്ന് പറഞ്ഞു. ജൂലൈ 30ന് അവര്‍ ഞങ്ങളുടെ വീടിനു സമീപം ആട്ടിറച്ചി കൊണ്ടിട്ടു. ജൂലൈ 31നു രാവിലെ അവര്‍ ഞങ്ങളെ ഗ്രാമമുഖ്യന്‍ ബാലേശ്വര്‍ യാദവ് പങ്കെടുത്ത യോഗത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. ഞങ്ങളെ ഒരു മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. അവരുടെ തുപ്പല്‍ നക്കാന്‍ നിര്‍ബന്ധിച്ചു. ആടുകളെ കൊന്നതിന് 30,000 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും വിധിച്ചു' വെന്ന് പരമാനന്ദ് പറഞ്ഞതായി 'ദി ടെലഗ്രാഫ്' റിപോര്‍ട്ട് ചെയ്തു.

    തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 210 കിലോമീറ്റര്‍ വടക്ക് സെനഡോണി പഞ്ചായത്തിലെ ഗംഗാര്‍ദിഹ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് അക്രമം നടത്തിയത്. വീടുകള്‍ കത്തിക്കുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നു പരമാനന്ദ് ദാസും ശങ്കര്‍ കുമാര്‍ ദാസും പറഞ്ഞു. 

2 Dalit youths made to lick spit over goat deaths

Tags:    

Similar News