യുപിയില്‍ സഹോദരികളായ ദലിത് പെണ്‍കുട്ടികളെ കൊന്ന് മൃതദേഹം കുളത്തില്‍ തളളി
ലക്നോ: ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയില്‍ സഹോദരികളായ ദലിത് പെണ്‍കുട്ടികളെ കൊന്ന് മൃതദേഹം കുളത്തില്‍ തളളി. ഇരുവരുടേയും കണ്ണില്‍ മുറിവിന്റെ അടയാളം കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഉച്ചയോടെ പച്ചക്കറികള്‍ എടുക്കുന്നതിനായി വീട്ടില്‍ നിന്നും വയലില്‍ പോയിരുന്നു. എന്നാല്‍ പിന്നീട് മടങ്ങി വന്നില്ലെന്നും പോലിസ് പറയുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കുളത്തില്‍ നിന്ന് കണ്ടെത്തിയത്.
12 വയസ്സുളള സുമി, 8 വയസ്സുളള കിരണ്‍ എന്നീ പെണ്‍കുട്ടികളെയാണ് കൊന്ന് മൃതദേഹം കുളത്തില്‍ തളളിയത്. ദിലീപ് ദോഹി എന്നയാളുടെ മക്കളാണ് ഇരുവരുമെന്ന് എഎസ്പി രാജേഷ് കുമാര്‍ വ്യക്തമാക്കി. കൊലപെടുത്തുന്നതിന് മുമ്പ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അക്രമികള്‍ കൊല്ലപ്പെടിത്തിയതെന്നും കുടുംബം പറയുന്നു. പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് കാത്തിരിക്കുകയാണെന്നും ലഭിച്ചതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവൂ എന്ന് പോലിസ് വ്യക്തമാക്കി.