ദുര്‍ മന്ത്രവാദം ആരോപിച്ച് സ്ത്രീയെയും തടയാന്‍ ശ്രമിച്ച യുവാവിനെയും തല്ലിക്കൊന്നു

18 വര്‍ഷത്തിനിടെ സംസ്ഥാനത്ത് ദുര്‍ മന്ത്രവാദം ആരോപിച്ച് 161 പേരെ കൊലപ്പെടുത്തിയതായി 2019ല്‍ അസം സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചിരുന്നു

Update: 2020-10-01 19:50 GMT
ഗുവാഹത്തി: ദുര്‍ മന്ത്രവാദിനിയെന്ന് ആരോപിച്ച് അസമില്‍ വിധവയായ സ്ത്രീയെയും ആക്രമണം തടയാനെത്തിയ യുവാവിനെയും തല്ലിക്കൊന്നു. കാര്‍ബി ആംഗ്ലോങ് ജില്ലയിലെ ഡോക്‌മോക പോലിസ് സ്‌റ്റേഷനു കീഴിലുള്ള വിദൂര രോഹിമാപൂര്‍ പ്രദേശത്താണ് സംഭവം. ബുധനാഴ്ച രാത്രിയാണ് സംഭവമെങ്കിലും വ്യാഴാഴ്ച രാവിലെയാണ് പോലിസിനു വിവരം ലഭിച്ചത്. ഗ്രാമത്തില്‍ നിന്നുള്ള ഒരു സ്ത്രീയെ അസുഖം കാരണം ദിവസങ്ങള്‍ക്ക് മുമ്പ് ചികില്‍സയ്ക്കായി ഗുവാഹത്തിയിലേക്ക് കൊണ്ടുപോയിരുന്നെങ്കിലും മരണപ്പെട്ടു. ബുധനാഴ്ച, ഗ്രാമത്തില്‍ സ്ത്രീക്കുവേണ്ടി നടത്തിയ മരണാനന്തര ചടങ്ങില്‍ 50 കാരിയും വിധവയുമായ രാമവതി ഹാലുവ അസാധാരണമായ രീതിയില്‍ പെരുമാറാന്‍ തുടങ്ങി. ആദിവാസി സമുദായംഗങ്ങളും കൂലിപ്പണിക്കാരും ചെറുകിട കര്‍ഷകരുമാണ് ഈ ഗ്രാമത്തില്‍ കഴിയുന്നത്. രാമവതി ദുര്‍ മന്ത്രവാദിയാണെന്ന് ഗ്രാമവാസികളില്‍ ചിലര്‍ ആരോപിക്കുകയും ഗ്രാമീണ കോടതി കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്യുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. തുടര്‍ന്ന് ആള്‍ക്കൂട്ടം വിധവയെ അടിക്കുകയും മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഇതുകണ്ട ബിജോയ് ഗൗര്‍ എന്ന വിദ്യാസമ്പന്നനായ യുവാവ് ഇടപെടുകയും ഇതെല്ലാം അന്ധവിശ്വാസമാണന്ന് പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും അദ്ദേഹത്തെയും ആക്രമിക്കുകയായിരുന്നു. പ്രകോപിതരായ നാട്ടുകാര്‍ ഇരുവരെയും തല്ലിക്കൊല്ലുകയായിരുന്നു. ഇതിനുശേഷം ദേവന് ആചാരങ്ങള്‍ അര്‍പ്പിക്കുകയും സമീപത്തെ കുന്നില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പത് ഗ്രാമീണരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

    'ബുധനാഴ്ചയ്ക്കും വ്യാഴാഴ്ചയ്ക്കും ഇടയിലാണ് ഇത് സംഭവിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞങ്ങള്‍ സ്ഥലത്തെത്തി. കത്തുന്ന ചിതയില്‍ നിന്ന് ഇരകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിച്ചു. മണ്ണിന്റെ സാംപിളുകളും ശേഖരിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൂര്‍ച്ചയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു. ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും കാര്‍ബി ആംഗ്ലോങ് പോലിസ് സൂപ്രണ്ട് ദേബജിത് ഡിയോറി പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും കൂടുതല്‍ പേരെ കുറിച്ച് അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ ഒമ്പത് പേരും ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. ഇവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.

    ഡോക്‌മോക പോലിസ് സ്‌റ്റേഷനു കീഴില്‍ 2018ല്‍ രണ്ട് യുവാക്കളെ കുട്ടിക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചിരുന്നു. ദുര്‍മന്ത്രവാദം ആരോപിച്ച് അക്രമം നടത്തുന്നതിനെതിരായ നിയമം അസമില്‍ പ്രാബല്യത്തിലുണ്ട്. ഇതനുസരിച്ച്, ദുര്‍ മന്ത്രവാദവേട്ട ജാമ്യമില്ലാ കുറ്റമായിട്ടാണ് കണക്കാക്കുന്നത്. മാത്രമല്ല, ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന കുറ്റമാണെന്നും അസം നിയമസഭ പാസാക്കിയ നിയമത്തില്‍ പറയുന്നു. 18 വര്‍ഷത്തിനിടെ സംസ്ഥാനത്ത് ദുര്‍ മന്ത്രവാദം ആരോപിച്ച് 161 പേരെ കൊലപ്പെടുത്തിയതായി 2019ല്‍ അസം സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചിരുന്നു.

2 Brutally Killed By Villagers In Assam In Suspected Witch-Hunting Case




Tags:    

Similar News