ആദ്യ ഡോസ് കൊവിഷീല്‍ഡ്, രണ്ടാമത് കൊവാക്‌സിന്‍; യുപിയില്‍ വാക്‌സിന്‍ കുത്തിവയ്പ്പില്‍ ഗുരുതര പിഴവ്

ആദ്യ ഡോസായി കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാമത്തെ ഡോസായി കിട്ടിയത് കൊവാക്‌സിനാണ്. ബദ്‌നി പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററില്‍ നടന്ന വാക്‌സിനേഷനിടെയാണ് പിഴവുണ്ടായത്.

Update: 2021-05-26 13:54 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പില്‍ ഗുരുതര പിഴവ്. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ് നഗര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന കൊവിഡ് വാക്‌സിനേഷനിടെയാണ് ആരോഗ്യപ്രവര്‍ത്തകരുടെ അനാസ്ഥ മൂലം ഇരുപതോളം ഗ്രാമവാസികള്‍ക്ക് വ്യത്യസ്ത വാക്‌സിനുകള്‍ നല്‍കിയത്. ആദ്യ ഡോസായി കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാമത്തെ ഡോസായി കിട്ടിയത് കൊവാക്‌സിനാണ്. ബദ്‌നി പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററില്‍ നടന്ന വാക്‌സിനേഷനിടെയാണ് പിഴവുണ്ടായത്.

സംഭവം വിവാദമായ സാഹചര്യത്തില്‍ മുഴുവന്‍ വാക്‌സിനേഷന്‍ സംബന്ധിച്ചും അന്വേഷണം നടത്താന്‍ ജില്ലയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഉത്തരവിട്ടു. ഓഡാഹി കലാനില്‍നിന്നുള്ള 20 ഓളം പേര്‍ക്ക് ഏപ്രില്‍ ഒന്നിന് ആദ്യത്തെ കൊവിഡ് വാക്‌സിന്‍ ഡോസായി കൊവിഷീല്‍ഡാണ് നല്‍കിയിരുന്നത്. മെയ് 14നാണ് ഇവര്‍ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചത്. അപ്പോള്‍ നല്‍കിയതാവട്ടെ കൊവാക്‌സിനും. വാക്‌സിന്‍ സ്വീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്. പിഴവിന് കാരണക്കാരായവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് സിദ്ധാര്‍ഥ് നഗര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ സന്ദീപ് ചൗധരി ഉറപ്പുനല്‍കി.

കേന്ദ്രസര്‍ക്കാരില്‍നിന്ന് വ്യത്യസ്ത വാക്‌സിനുകള്‍ നല്‍കുന്നത് സംബന്ധിച്ച് യാതൊരു മാര്‍ഗനിര്‍ദേശവും ലഭിച്ചിരുന്നില്ലെന്നും ഇത് അശ്രദ്ധയാണെന്നും സന്ദീപ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. ഒരു വാക്‌സിന്‍ ആദ്യ ഡോസ് ലഭിക്കുന്ന വ്യക്തിക്ക് അതേ വാക്‌സിനുകളുടെ രണ്ടാമത്തെ ഡോസും ലഭിക്കണം. ഈ കേസില്‍ ഒരു അന്വേഷണത്തിന് ഉത്തരവിട്ടു. ഞങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് പോയി അന്വേഷണം നടത്തി. അന്വേഷണ റിപോര്‍ട്ടില്‍ പേരുള്ള ആളുകളില്‍നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റവാളികളെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

ഞങ്ങളുടെ സംഘം സ്ഥലത്തെത്തി മറ്റൊരു വാക്‌സിന്‍ സ്വീകരിച്ച രണ്ടാമത്തെ ആളുകളോട് സംസാരിച്ചു. അവര്‍ക്ക് ഇപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നും നേരിടുന്നില്ല. എന്നിരുന്നാലും മുഴുവന്‍ സാഹചര്യങ്ങളും ഞങ്ങള്‍ നിരീക്ഷിക്കും- സിഎംഒ കൂട്ടിച്ചേര്‍ത്തു. രണ്ടാമത്തെ ഡോസ് എടുക്കാന്‍ എത്തിയപ്പോള്‍ ഏത് വാക്‌സിനാണ് ആദ്യം സ്വീകരിച്ചതെന്ന് ചോദിച്ചിരുന്നില്ലെന്ന് വാക്‌സിന്‍ ഡോസ് മാറി കുത്തിവയ്പ്പ് ലഭിച്ച ഒരാള്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ അവരുടെ സ്വന്തം കാര്യങ്ങളില്‍ തിരക്കിലായിരുന്നു. കൊവിഷീല്‍ഡിന് പകരം എനിക്ക് കൊവാക്‌സിന്‍ നല്‍കി. ഞാന്‍ ഇപ്പോള്‍ ആരോഗ്യവാനാണ്. പക്ഷേ എന്റെ ശരീരത്തിനുള്ളില്‍ എന്തെങ്കിലും കുഴപ്പമുണ്ടാവുമോയെന്ന ഭയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: