1990ലെ കസ്റ്റഡി മരണ കേസ്: ജീവപര്യന്തം തടവിനെതിരേയുള്ള സഞ്ജീവ് ഭട്ടിന്റെ ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി

Update: 2024-01-09 12:14 GMT

അഹമ്മദാബാദ്: 1990ലെ കസ്റ്റഡി മരണക്കേസില്‍ ജാംനഗര്‍ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ചോദ്യം ചെയ്ത് മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് സമര്‍പ്പിച്ച അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളി. 1990 നവംബറില്‍ പ്രഭുദാസ് മാധവ്ജി വൈഷ്ണാനി എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി നടപടി. പ്രഭുദാസ് മാധവ്ജി വൈഷ്ണാനി മരണപ്പെട്ടത് കസ്റ്റഡി പീഡനം കാരണമാണെന്നും ആ സമയം സഞ്ജീവ് ഭട്ട് ജാംനഗര്‍ അസിസ്റ്റന്റ് പോലിസ് സൂപ്രണ്ടായിരുന്നുവെന്നും ആരോപിച്ചാണ് കേസെടുത്തത്. ഭാരത് ബന്ദിനിടെ കലാപമുണ്ടാക്കിയതിന് വൈഷ്ണാനി ഉള്‍പ്പെടെ 133 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഒമ്പത് ദിവസം കസ്റ്റഡിയിലുണ്ടായിരുന്ന വൈഷ്ണനി ജാമ്യത്തിലിറങ്ങി പത്ത് ദിവസത്തിന് ശേഷം മരണപ്പെട്ടു. വൃക്കസംബന്ധമായ തകരാറാണ് മരണകാരണമെന്ന് മെഡിക്കല്‍ രേഖകള്‍ പറയുന്നു. ഇദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് കസ്റ്റഡി പീഡനം ആരോപിച്ച് സഞ്ജീവ് ഭട്ടിനും മറ്റ് ചില ഉദ്യോഗസ്ഥര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 1995ല്‍ മജിസ്‌ട്രേറ്റ് കേസ് പരിഗണിച്ചു. എന്നാല്‍, ഗുജറാത്ത് ഹൈക്കോടതിയുടെ സ്‌റ്റേ കാരണം വിചാരണ 2011 വരെ സ്‌റ്റേ ചെയ്തു. പിന്നീട് സ്‌റ്റേ നീക്കി വിചാരണ ആരംഭിച്ചു. 2019 ജൂണിലാണ് ജാംനഗര്‍ ജില്ലയിലെ ഒരു സെഷന്‍സ് കോടതി കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം സഞ്ജീവ് ഭട്ടിനെയും ഒരു പോലിസ് കോണ്‍സ്റ്റബിളിനെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരെ കൂടാതെ, പോലിസ് കോണ്‍സ്റ്റബിള്‍മാരായ പ്രവിന്‍സിങ് ജഡേജ, അനോപ്‌സിന്‍ ജേത്വ, കേശുഭ ദോലുഭ ജഡേജ, പോലിസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ശൈലേഷ് പാണ്ഡ്യ, ദീപക് കുമാര്‍ ഭഗവാന്‍ദാസ് ഷാ എന്നിവരും കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചിരുന്നു. ശിക്ഷയെ ചോദ്യം ചെയ്ത് സഞ്ജീവ് ഭട്ട് ഉള്‍പ്പെടെ നാലുപേരാണ് 2019ല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ക്രിമിനല്‍ അപ്പീല്‍ തള്ളിയ ജസ്റ്റിസ് അശുതോഷ് ശാസ്ത്രി, ജസ്റ്റിസ് സന്ദീപ് എന്‍ ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് ജാംനഗര്‍ കോടതിയുടെ ശിക്ഷാവിധി ശരിയാണെന്നും അതിനാല്‍ ശിക്ഷാ ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും നിരീക്ഷിച്ചു.

Tags:    

Similar News