ഭൂട്ടാനില്‍ നിന്ന് ഇറക്കുമതി ചെയ്തത് 198 വാഹനങ്ങള്‍, സംസ്ഥാനത്ത് 20ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തു; കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥരും വാഹനം വാങ്ങി

Update: 2025-09-23 14:51 GMT

കൊച്ചി: നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് 198 ആഡംബര വാഹനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസ്. ഇതില്‍ കേരളത്തില്‍ എത്രയെണ്ണം ഉണ്ടെന്നടക്കമുള്ള കാര്യങ്ങളാണ് അധികൃതര്‍ പരിശോധിച്ചുവരുകയാണ്. വാഹന ഡീലര്‍മാരില്‍ നിന്ന് അടക്കം ലഭിച്ച കണക്കുകളിലാണ് 198 വാഹനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചത്. മുഴുവന്‍ വാഹനങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് കസ്റ്റംസ് നീക്കം. പരിശോധന തുടരുന്നതിനിടെ സംസ്ഥാനത്ത് നിന്ന് 20ഓളം ആഡംബര എസ്‌യുവി വാഹനങ്ങള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നു മാത്രമായി 11 വാഹനങ്ങളാണ് പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഓഫീസിലേക്ക് എത്തിക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏഴിടത്താണ് പരിശോധന നടക്കുന്നത്.

അതേസമയം, കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും വാഹനം വാങ്ങിയെന്ന വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. നാഷണല്‍ ടിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എന്നിവരാണ് വാഹനം വാങ്ങിയത്. രണ്ടു വാഹനങ്ങളും ബെംഗളൂരുവിലാണ് നിലവിലുള്ളത്.

കസ്റ്റംസ് നികുതിയടക്കം വെട്ടികൊണ്ട് വാഹനങ്ങള്‍ അനധികൃതമായി ഇറക്കുമതി ചെയ്തുവെന്ന കണ്ടെത്തലിലാണ് അന്വേഷണം. ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ നികുതിവെച്ചിട്ട് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ് നടത്തുന്നത്.

ഓപ്പറേഷന്‍ നുംഖാര്‍ എന്ന പേരിലാണ് സംസ്ഥാന വ്യാപക പരിശോധന നടക്കുന്നത്. സിനിമ താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് അടക്കമുള്ള സിനിമ താരങ്ങള്‍ക്ക് പുറമെ, വ്യവസായ പ്രമുഖരുടെ വീടുകളിലും കാര്‍ ഡീലര്‍മാരുടെ ഷോറൂമുകളിലും പരിശോധന നടന്നു.