19 കാരിയെ കാണാതായിട്ട് ഒരാഴ്ച്ച പിന്നിടുന്നു; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Update: 2022-10-07 02:03 GMT

തിരുവനന്തപുരം: പോത്തന്‍കോട്‌നിന്ന് 19 കാരിയെ കാണാതായിട്ട് ഒരാഴ്ച്ച പിന്നിട്ടിട്ടും വിവരങ്ങളൊന്നും ലഭിക്കാതെ പോലിസ്. കഴിഞ്ഞ മാസം 30ാം തീയതിയാണ് സജൂന്‍ ജാസ്മിന്‍ ദമ്പതികളുടെ മകളായ സുആദയെ കാണാതായത്. എംജി കോളജിലെ ഒന്നാം വര്‍ഷ ഫിസിക്‌സ് വിദ്യാര്‍ഥിനിയാണ് സുആദ. പോത്തന്‍കോട്, കന്യാകുളങ്ങര എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലിസ് അന്വേഷണം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുആദ വീട്ടില്‍നിന്ന് ഇറങ്ങിയത്. കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാന്‍ പോയതാണ് സുആദ. നാലരയ്ക്ക് വീട്ടില്‍ നിന്നിറങ്ങിയ സുആദ ട്യൂഷന്‍ കഴിഞ്ഞ് നേരം വൈകിയിട്ടും വീട്ടില്‍ എത്താതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അന്വേഷണം നടത്തിയത്. ബന്ധുക്കളും പോലിസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കന്യാകുളങ്ങരയിലെ ഒരു കടയില്‍ നിന്ന് ലഭിച്ച സിസിടിവില്‍ സുആദ റോഡ് മുറിച്ചു കടക്കുന്നതും, കെഎസ്ആര്‍ടിസിയില്‍ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നതും വ്യക്തമാണ്.

ഫോണ്‍ പരിശോധിച്ചെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല. വീടിന് സമീപത്തെ കടയില്‍ നിന്ന് സുആദ 100 രൂപ വാങ്ങിയതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു ബാഗ് സുആദയുടെ കൈവശമുണ്ട്. പോത്തന്‍കോട് പോലിസിലും ജില്ലാ പോലിസ് മേധാവിക്കും കുടുംബം പരാതി കൊടുത്തിട്ടുണ്ട്. കോളജിലെ സിസിടിവി ദൃശ്യങ്ങളും പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്.