19കാരന്റെ മുകളിലേക്ക് ലിഫ്റ്റ് തകര്‍ന്നുവീണ് മരണം; കേക്ക് ഫാക്ടറിയിലെ ജോലിക്കിടെയാണ് സംഭവം

Update: 2025-09-04 08:58 GMT

ബെംഗളൂരു: ജോലി സ്ഥലത്ത് ലിഫ്റ്റ് തകര്‍ന്ന് വീണ് 19കാരന് ദാരുണാന്ത്യം. കേക്ക് നിര്‍മ്മാണ ഫാക്ടറിയില്‍ നിര്‍മ്മാണ സാമഗ്രഹികള്‍ കെട്ടിടത്തിന്റെ പല നിലകളിലേക്ക് എത്തിക്കാന്‍ ഉപയോഗിക്കുന്ന ഹൈഡ്രോളിക് ലിഫ്റ്റ് 19കാരന്റ മുകളിലേക്ക് തകര്‍ന്ന് വീണാണ് സംഭവം. ബെംഗളൂരുവിലെ ചിക്കജാലയിലെ ജസ്റ്റ് ബേക്ക് ബിന്ദു റസീപ്പീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കേക്ക് നിര്‍മ്മാണ് ഫാക്ടറിയിലാണ് സംഭവം. സംഭവത്തില്‍ സ്ഥാപന ഉടമയും ലിഫ്റ്റ് പ്രവര്‍ത്തിപ്പിച്ചിരുന്ന സ്ഥാപനവും ഫാക്ടറി ഇന്‍ ചാര്‍ജിനെതിരെയും പോലിസ് കേസ് എടുത്തിട്ടുണ്ട്. ആചാര്യ ലേ ഔട്ടിലെ ഭോപേന്ദ്ര ചൗധരിയാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ ചിക്കജാല പൊലീസാണ് കേസ് എടുത്തിട്ടുള്ളത്. 19കാരന്റെ അടുത്ത ബന്ധു കഴിഞ്ഞ 9 വര്‍ഷമായി ഈ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. ഇയാളുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. മൂന്ന് നിലയുള്ള കെട്ടിടത്തിലെ രണ്ടാം നിലയിലായിരുന്നു 19കാരന്‍ ജോലി ചെയ്തിരുന്നത്. കേക്ക് നിര്‍മ്മാണ സാമഗ്രഹികള്‍ മൂന്നാം നിലയിലേക്ക് കൊണ്ടുപോവുന്നതിനിടെ ഹൈഡ്രോളിക് ലിഫ്റ്റ് പെട്ടന്ന് തകരുകയായിരുന്നു.

ഇതോടെ രണ്ടാം നിലയില്‍ നിന്ന് നിലത്തേക്ക് വീണ 19കാരന്റെ മുകളിലേക്ക് ലിഫ്റ്റ് വീണ് തലയില്‍ ഗുരുതര പരിക്കേല്‍ക്കുകയും രക്തസ്രാവം നേരിടുകയും ആയിരുന്നു. തകര്‍ന്ന ലിഫ്റ്റിന് അടിയില്‍ നിന്ന് 19കാരനെ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നവര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച നിലയിലാണ് 19കാരനെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് ഡോക്ടര്‍മാര്‍ വിശദമാക്കുന്നത്. രണ്ട് മാസം മുന്‍പാണ് 19കാരന്‍ കേക്ക് ഫാക്ടറിയില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചത്. ബന്ധുവായിരുന്നു 19കാരന് ഇവിടെ ജോലി വാങ്ങി നല്‍കിയത്.