നരേന്ദ്ര മോദിക്കെതിരേ പോസ്റ്റര്‍ പ്രചരിപ്പിച്ചതിന് ഡല്‍ഹിയില്‍ 17 പേര്‍ അറസ്റ്റിൽ

21 ലധികം എഫ്ഐആർ ആണ് ഡൽഹി പോലിസ് ഇതുവരെ രജിസ്റ്റർ ചെയ്തത്. പൊതു സ്വത്ത് നശിപ്പിച്ചുവെന്നാരോപിച്ചാണ് വകുപ്പുകൾ ചുമത്തിയിരിക്കുന്നത്.

Update: 2021-05-16 06:43 GMT

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പോസ്റ്റര്‍ പ്രചരിപ്പിച്ചതിന് ഡല്‍ഹിയില്‍ 17 പേര്‍ അറസ്റ്റിൽ. കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതായിരുന്നു പോസ്റ്ററിലെ ആരോപണം. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് നിരവധി പ്രമുഖർ രംഗത്തെത്തി.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ഡല്‍ഹി പോലിസ് വ്യക്തമാക്കി. പോസ്റ്ററുകള്‍ക്കു പിന്നില്‍ ആരാണെന്ന് കണ്ടെത്തുന്നതിന് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. പോസ്റ്ററുകള്‍ പതിച്ച ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും പോലിസ് വ്യക്തമാക്കി.

21 ലധികം എഫ്ഐആർ ആണ് ഡൽഹി പോലിസ് ഇതുവരെ രജിസ്റ്റർ ചെയ്തത്. പൊതു സ്വത്ത് നശിപ്പിച്ചുവെന്നാരോപിച്ചാണ് വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. കിഴക്കൻ ഡൽഹി, വടക്കുകിഴക്കൻ ഡൽഹി എന്നിവിടങ്ങളിലാണ് കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

നഗരത്തിന്റെ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾക്കെതിരേയാണ് ഈ നീക്കം. "മോദി ജി, എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾക്ക് വേണ്ടിയുള്ള വാക്സിനുകൾ വിദേശത്തേക്ക് അയച്ചത്?" എന്ന ചോദ്യമാണ് പോസ്റ്ററിൽ ഉന്നയിച്ചിരിക്കുന്നത്. കിഴക്കൻ ഡൽഹിയിലെ കല്യാൺപുരി പ്രദേശത്ത് ആറ് പേരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. 800 ലധികം പോസ്റ്ററുകളും ബാനറുകളും പോലിസ് കണ്ടുകെട്ടി.

പോസ്റ്ററിലെ ഇതേ ചോദ്യം ട്വീറ്റ് ചെയ്ത് കൊണ്ടാണ് പ്രകാശ് രാജ് പ്രതിഷേധം അറിയിച്ചത്. താനും ചോദിക്കുന്നു, എന്നെയും അറസ്റ്റ് ചെയ്യു എന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. തൃണമൂൽ കോൺ​ഗ്രസ് നേതാവ് മെഹുവാ മെയിത്രയും ഈ കൂട്ട അറസ്റ്റുകൾക്കെതിരേ രം​ഗത്ത് വന്നിട്ടുണ്ട്.

Similar News