ബാബരി മസ്ജിദ് കേസ്: സാമൂഹിക മാധ്യമ നിരീക്ഷണത്തിന് 16,000 ഡിജിറ്റല്‍ വോളന്റിയര്‍മാര്‍

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നവംബര്‍ 17ന് വിരമിക്കുന്നതിന് മുമ്പ് കേസില്‍ വിധി പറയുമെന്നാണു കണക്കാക്കുന്നത്

Update: 2019-11-05 17:24 GMT

അയോധ്യ: സുപ്രിംകോടതി ബാബരി മസ്ജിദ്  ഭൂമി തര്‍ക്കക്കേസില്‍ വിധി പറയാനിരിക്കെ സാമൂഹിക മാധ്യമങ്ങളിലെ ആക്ഷേപകരമായ ഉള്ളടക്കങ്ങളെ കുറിച്ച് നിരീക്ഷിക്കാന്‍ 16,000 ഡിജിറ്റല്‍ വോളന്റിയര്‍മാരെ വിന്യസിച്ചു. സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ ശാന്തത പാലിക്കാനാണ് ഫൈസാബാദ് പോലിസ് സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചതെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ ആശിഷ് തിവാരി പറഞ്ഞു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നവംബര്‍ 17ന് വിരമിക്കുന്നതിന് മുമ്പ് കേസില്‍ വിധി പറയുമെന്നാണു കണക്കാക്കുന്നത്. വിധിക്കു ശേഷം ദേവന്മാരെ അപമാനിക്കാനോ വിഗ്രഹങ്ങള്‍ സ്ഥാപിക്കാനോ രാമജന്മഭൂമിയുമായി ബന്ധപ്പെട്ട ഘോഷയാത്രകള്‍ നടത്താനോ സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കരുതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അനുജ് കുമാര്‍ ഝാ ശനിയാഴ്ച ഉത്തരവിട്ടിരുന്നു. ക്രമസമാധാന ലംഘനം ഉണ്ടായേക്കുമെന്ന ആശങ്ക കാരണം നിരോധന ഉത്തരവ് ഡിസംബര്‍ 28 വരെ നീട്ടിയിട്ടുണ്ട്.

    ഭീകരാക്രമണം, സാമുദായിക കലാപം, തര്‍ക്കവിഷയമായ ഭൂമിക്ക് എന്തെങ്കിലും അപകടമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉണ്ടാവുകയാണെങ്കില്‍ നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും എല്ലാ പഴുതുകളും അടച്ചിട്ടുണ്ടെന്നും പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാലു മേഖലകളായുള്ള സുരക്ഷാ പദ്ധതിയാണ് ഇതിനു വേണ്ടി തയ്യാറാക്കിയിട്ടുള്ളത്. ഒരു പദ്ധതി പരാജയപ്പെട്ടാല്‍ അടുത്തത് ഏറ്റെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ ശാന്തരാക്കാന്‍ ജില്ലയിലെ 1,600 പ്രദേശങ്ങളിലായി 16,000 വോളന്റിയര്‍മാരെയാണ് പോലിസ് നിയമിച്ചിട്ടുള്ളത്. ഇതേ അളവില്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഡിജിറ്റല്‍ വോളന്റിയര്‍മാരെയും നിയോഗിച്ചിട്ടുള്ളത്. വോളന്റിയര്‍മാര്‍ക്ക് വിവരങ്ങള്‍ കൈമാറാനായി ഭരണകൂടം നിരവധി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ നാല് സുരക്ഷാ മേഖലകള്‍ സൃഷ്ടിച്ചു. ചുവപ്പും മഞ്ഞയും സെന്‍ട്രല്‍ പാരാ മിലിറ്ററി ഫോഴ്‌സ് (സിപിഎംഎഫ്) കൈകാര്യം ചെയ്യുമ്പോള്‍ പച്ചയും നീലയും സിവില്‍ പോലിസാണ് കൈകാര്യം ചെയ്യുക. ചുവന്ന സുരക്ഷാ മേഖല തര്‍ക്കവിഷയമായ സ്ഥലത്തെയാണ് ഉള്‍ക്കൊള്ളുന്നത്. മഞ്ഞ മേഖല അയോധ്യയുടെ 5 മൈല്‍ ചുറ്റളവിലും, പച്ച ക്ഷേത്രനഗരത്തിന്റെ 14 മൈല്‍ ചുറ്റളവിലും, നീല മേഖല സമീപത്തെ ജില്ലകളുമാണ് ഉള്‍പ്പെടുന്നത്. സുരക്ഷ ആവശ്യങ്ങള്‍ക്കു വേണ്ടി 700ഓളം സര്‍ക്കാര്‍ സ്‌കൂളുകളും 50 യുപി ബോര്‍ഡ് എയ്ഡഡ് സ്‌കൂളുകളും 25 സിബിഎസ്ഇ സ്‌കൂളുകളും സൈന്യം ഏറ്റെടുത്തിട്ടുണ്ട്.




Tags:    

Similar News