കനത്ത മഴയില്‍ ചുറ്റുമതില്‍ തകര്‍ന്ന് വീണു 15 പേര്‍ മരിച്ചു

മരിച്ചവരില്‍ നാല് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. നിരവധി കാറുകള്‍ മതിലിനടിയില്‍പ്പെട്ടു.

Update: 2019-06-29 02:11 GMT

പൂനെ: കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ പൂനെയില്‍ താമസ കെട്ടിടത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണ് 15 പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. നിരവധി കാറുകള്‍ മതിലിനടിയില്‍പ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. ഭവന സമുഛയത്തോട് ചേര്‍ന്ന് നിര്‍മിച്ച ഷെഡ്ഡുകളുടെ മുകളിലേക്കാണ് മതില്‍ ഇടിഞ്ഞു വീണത്. മതിലിനോട് ചേര്‍ന്ന ഭൂമി ഉള്‍പ്പെടെ ഇടിഞ്ഞ താണപ്പോള്‍ അവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറുകളും താഴേക്കു പതിക്കുകയായിരുന്നു. തൊട്ടടുത്ത നിര്‍മാണ സ്ഥലത്ത് ജോലിചെയ്തിരുന്ന തൊഴിലാളികളും കുടുംബങ്ങളുമാണ് ഷെഡ്ഡുകളില്‍ താമസിച്ചിരുന്നത്.



ദേശീയ ദുരന്ത നിവാരണ സേനാ അംഗങ്ങളും അഗ്നിശമനസേനാ വിഭാഗവും സ്ഥലത്തെത്തി. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. പുലര്‍ച്ചെ 1.45ഓടെയാണ് മതില്‍ തകര്‍ന്നത്.

പൂനെ നഗരത്തിലും പരിസരങ്ങളിലും വ്യാഴാഴ്ച്ച മുതല്‍ കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പൂനെയില്‍ 73.1 മി.മീ. മഴയാണ് ലഭിച്ചത്. 2010 ജൂണ്‍ മുതല്‍ ലഭിച്ച രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന മഴയാണിത്. മഴയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച്ച എട്ടുപേര്‍ മരിച്ചിരുന്നു.

Tags: