പഞ്ചാബില്‍ 149 തീര്‍ത്ഥാടകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; വിദ്വേഷപ്രചരണത്തിന് ഇരയാകുമെന്ന ആശങ്കയില്‍ അകാല്‍ തക്ത്

മഹാരാഷ്ട്രയില്‍ നിന്നും തിരിച്ചെത്തിയ 3525 സിഖ് തീര്‍ഥാടകരില്‍ 577 പേരുടെ പരിശോധന ഫലങ്ങള്‍ മാത്രമാണ് വന്നതെന്നതും ആശങ്ക കൂട്ടുന്നു.

Update: 2020-05-01 10:10 GMT

മുംബൈ: മഹാരാഷ്ട്രയില്‍ നിന്നും തിരിച്ചെത്തിയ 149 സിഖ് തീര്‍ഥാടകര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ നന്ദെഡ് ഗുരുദ്വാരയില്‍ തീര്‍ത്ഥാടനത്തിന് പോയി കുടുങ്ങിയവരില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 183 ആയി.

മഹാരാഷ്ട്രയില്‍ നിന്നും തിരിച്ചെത്തിയ 3525 സിഖ് തീര്‍ഥാടകരില്‍ 577 പേരുടെ പരിശോധന ഫലങ്ങള്‍ മാത്രമാണ് വന്നതെന്നതും ആശങ്ക കൂട്ടുന്നു. സ്വകാര്യ വാഹനങ്ങളിലും പഞ്ചാബ് സര്‍ക്കാരും ഗുരുദ്വാരകളും ഏര്‍പ്പെടുത്തിയ വാഹനങ്ങളിലുമാണ് ഇവരെ പഞ്ചാബിലേക്ക് തിരിച്ചെത്തിച്ചത്. മഹാരാഷ്ട്രയിലെ നന്ദെഡിലുള്ള ബാക്കി തീര്‍ഥാടകരില്‍ കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വ്യാഴാഴ്ച്ച മാത്രം 149 സിഖ് തീര്‍ഥാടകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ വ്യാഴാഴ്ച്ച പഞ്ചാബില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167 ആയി കുതിച്ചുയരുകയായിരുന്നു. പഞ്ചാബില്‍ വ്യാഴാഴ്ച്ചവരെ ആകെ 542 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അതില്‍ 33.7 ശതമാനവും മഹാരാഷ്ട്രയിലെ നന്ദെഡില്‍ പോയ തീര്‍ഥാടകരാണ്.

ഇതോടെ ഡല്‍ഹിയില്‍ തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് നേരിടേണ്ടിവന്നതിന് സമാനമായ അനുഭവം സിഖ് തീര്‍ഥാടകര്‍ക്ക് നേരിടേണ്ടി വരുമെന്ന ആശങ്ക പങ്കുവെച്ചിരിക്കുകയാണ് അകാല്‍ തക്ത്. തീര്‍ഥാടകര്‍ക്ക് മാത്രമല്ല സിഖ് സമുദായമാകെ വിദ്വേഷപ്രചരണത്തിന് ഇരയാകുമെന്നാണ് ആശങ്ക.

മാര്‍ച്ച് മുതല്‍ നന്ദെഡില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു തീര്‍ഥാടകര്‍. തങ്ങളുടെ അനുയായികളെ കൊവിഡിന്റെ പേരില്‍ പ്രത്യേകമായി ലക്ഷ്യം വെക്കാനിടയുണ്ടെന്ന ആശങ്ക അകാല്‍ തക്ത് മേധാവി ജിയാനി ഹര്‍പ്രീത് സിംങ് പങ്കുവെക്കുകയും ചെയ്തു. 

Tags: