അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയില്‍ 14500 സന്നദ്ധസംഘടനകളെ നിരോധിച്ചു
1808 സന്നദ്ധ സംഘടനകളുടെ രജിസ്‌ട്രേഷന്‍ ഈ വര്‍ഷം എഫ്‌സിആര്‍എ പ്രകാരം റദ്ദാക്കിയിട്ടുണ്ട്
ന്യൂഡല്‍ഹി: വിദേശ സംഭാവ നിയന്ത്രണ നിയമം(എഫ്‌സിആര്‍എ) പ്രകാരം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയില്‍ 14500ഓളം സന്നദ്ധ സംഘടനകളെ(എന്‍ജിഒ) നിരോധിച്ചതായി കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചു. വിദേശ സംഭാവന സ്വീകരിക്കുന്നതിലെ ചട്ടങ്ങള്‍ ലംഘിച്ചതിനാണു നടപടിയെന്നും മന്ത്രി നിത്യാനന്ദ് റായ് വ്യക്തമാക്കി. 1808 സന്നദ്ധ സംഘടനകളുടെ രജിസ്‌ട്രേഷന്‍ ഈ വര്‍ഷം എഫ്‌സിആര്‍എ പ്രകാരം റദ്ദാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 14500ഓളം സംഘടനകളുടെ രജിസ്‌ട്രേഷനാണ് റദ്ദാക്കിയതെന്നും മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
2017-18 വര്‍ഷത്തെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാത്തതിനാണ് 1,808 എന്‍ജിഒകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. എല്ലാ സന്നദ്ധ സംഘടനകളും കൃത്യസമയത്ത് വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കണമെന്നാണ് എഫ്‌സിആര്‍എയുടെയും അതിന്റെ നിയമങ്ങളിലും പറയുന്നത്. റിട്ടേണ്‍ സമര്‍പ്പിക്കാത്ത എന്‍ജിഒകള്‍ക്ക് ഓണ്‍ലൈനായി നോട്ടീസുകളും ഓര്‍മപ്പെടുത്തലുകളും നല്‍കാറുണ്ട്. ഇതിനുശേഷവും നിയമം പാലിക്കാത്തവരുടെ സര്‍ട്ടിഫിക്കറ്റാണ് സസ്‌പെന്റ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്നത്. രാജ്യത്ത് എഫ്‌സിആര്‍എ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ സംഘടനകള്‍ 2017-18ല്‍ 16,902.41 കോടി രൂപയും 2018-19ല്‍(നവംബര്‍ 28 വരെ) 2,244.77 കോടി രൂപയുമാണ് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
