തമിഴ്‌നാട്ടില്‍ 14കാരിയെ സഹോദരീ ഭര്‍ത്താവ് ഉള്‍പ്പെടെ 12 പേര്‍ ബലാല്‍സംഗം ചെയ്തു
കേസില്‍ 11 പ്രതികളെ പോലിസ് അറസ്റ്റുചെയ്തു. ഒളിവില്‍ കഴിയുന്ന ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പെണ്‍കുട്ടിക്ക് ജോലി നല്‍കിയ കണ്ണന്‍, കുട്ടിയുടെ സഹോദരീ ഭര്‍ത്താവ്, ഇവരുടെ സുഹൃത്തുക്കള്‍ എന്നിവരാണ് പലതവണയായി കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കിയത്.
ചെന്നൈ: തമിഴ്‌നാട്ടില്‍ 14 വയസ്സുകാരിയെ സഹോദരീ ഭര്‍ത്താവ് ഉള്‍പ്പെടെ 12 പേര്‍ ബലാല്‍സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. നാമക്കല്‍ ജില്ലയില്‍ തിരുച്ചങ്കോടാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി മാസങ്ങളോളം പീഡനത്തിനിരയായത്. കേസില്‍ 11 പ്രതികളെ പോലിസ് അറസ്റ്റുചെയ്തു. ഒളിവില്‍ കഴിയുന്ന ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പെണ്‍കുട്ടിക്ക് ജോലി നല്‍കിയ കണ്ണന്‍, കുട്ടിയുടെ സഹോദരീ ഭര്‍ത്താവ്, ഇവരുടെ സുഹൃത്തുക്കള്‍ എന്നിവരാണ് പലതവണയായി കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കിയത്.
രോഗബാധയെത്തുടര്‍ന്നാണ് പെണ്‍കുട്ടി ആറാംക്ലാസില്‍ പഠനം ഉപേക്ഷിച്ചത്. കൂലിപ്പണിക്കാരായ ദമ്പതികളുടെ മൂന്ന് പെണ്‍മക്കളിലൊരാളാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടിയാണ് കണ്ണന്‍ എന്നയാളുടെ വീട്ടില്‍ ജോലിയില്‍ പ്രവേശിച്ചത്. ജോലിയുടെ ഭാഗമായി പിന്നീട് തിരുചെങ്കോഡിലുള്ള മൂത്ത സഹോദരിയുടെ വീട്ടില്‍ താമസിക്കാന്‍ തുടങ്ങി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി തനിച്ചായ സമയത്ത് സഹോദരീ ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിച്ചു. ഈ വിവരമറിഞ്ഞ് ഇയാളുടെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നും പോലിസ് പറഞ്ഞു.
പ്രാഥമികാന്വേഷണത്തില്‍ പെണ്‍കുട്ടിയെ തൊഴിലുടമയായ കണ്ണന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും മറ്റ് ഏഴുപേരെങ്കിലും കണ്ണന്റെ വീട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് വിവരം. പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചപ്പോള്‍ പ്രതിയില്‍ ഒരാള്‍ 10,000 രൂപ നല്‍കിയും ഭീഷണിപ്പെടുത്തിയും അമ്മയെ വശത്താക്കി. ഈ തുക പിതാവിന്റെ ചികില്‍സയ്ക്കായി വിനിയോഗിച്ചു. പെണ്‍കുട്ടിയുടെ രണ്ട് സഹോദരിമാര്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനൊടുവിലാണ് പീഡനവിവരം പുറത്താവുന്നത്. തുടര്‍ന്ന് അയല്‍വാസി നല്‍കിയ പരാതിയില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫിസറെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
ജില്ലാ ശിശുക്ഷേമ ഓഫിസര്‍ ടി രഞ്ജിത പ്രിയ അന്വേഷണം നടത്തുകയും തിരുചെങ്കോഡ് വിമന്‍സ് പോലിസ് സ്‌റ്റേഷനില്‍ ചൊവ്വാഴ്ച പരാതി നല്‍കുകയും ചെയ്തതോടെയാണ് പ്രതികളെ അറസ്റ്റുചെയ്തത്. കൊമരപാളയത്തിലെ ബിഎസ്എന്‍എല്‍ ഓഫിസിലെ ജൂനിയര്‍ എന്‍ജിനീയറായി ജോലിചെയ്യുന്ന കണ്ണന്‍, സഹോദരീ ഭര്‍ത്താവ്, സുഹൃത്തുക്കളായ വാഡിവേല്‍, സുന്ദരം, കുമാര്‍, തൊഴിലുടമയുടെ സുഹൃത്തുക്കളായ പന്നീര്‍, മൂര്‍ത്തി, അബി, ഗോപി, ശേഖര്‍, ശങ്കര്‍, ശരവണന്‍ എന്നിവരാണ് അറസ്റ്റിലായവര്‍. പ്രതികള്‍ക്കെതിരേ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസെടുത്തിരിക്കുന്നത്.

