ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടം: മരണം 132 ആയി; 177 പേരെ രക്ഷപ്പെടുത്തി

Update: 2022-10-31 02:46 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 132 ആയി. 177 ഓളം പേരെ രക്ഷപ്പെടുത്തി തലസ്ഥാനമായ അഹമ്മദാബാദില്‍നിന്ന് 300 കിലോമീറ്റര്‍ അകലെ മോര്‍ബിയില്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച മച്ചു നദിക്കു കുറുകെയുള്ള പാലം ഞായറാഴ്ച വൈകുന്നേരം 6.42 ഓടെയാണ് തകര്‍ന്നത്. നദിയുടെ പകുതിഭാഗത്തുവച്ച് രണ്ടായി മുറിഞ്ഞ പാലത്തിന്റെ ഇരുഭാഗത്തും ആളുകള്‍ കുടുങ്ങുകയായിരുന്നു. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പാലം അറ്റകുറ്റപ്പണിക്കുശേഷം ഗുജറാത്ത് പുതുവല്‍സരദിനമായിരുന്ന കഴിഞ്ഞ ബുധനാഴ്ചയാണു തുറന്നുനല്‍കിയത്.

ആറുമാസം സമയമെടുത്ത് ഒരു സ്വകാര്യകമ്പനിയാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയത്. കാല്‍നടയായി സഞ്ചരിക്കാന്‍ മാത്രം അനുവാദമുള്ള പാലത്തിലൂടെ വാഹനഗതാഗതം അനുവദിച്ചിട്ടില്ല. വിനോദസഞ്ചാരത്തിനായി നിരവധി പേര്‍ പ്രദേശത്ത് എത്താറുണ്ട്. അപകട സമയത്ത് അഞ്ഞൂറിലധികം ആളുകള്‍ പാലത്തിലുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സ്ത്രീകളും കുട്ടികളും അപകടത്തില്‍പ്പെട്ട പാലത്തില്‍ കുടുങ്ങിക്കിടക്കുന്നത് കാണാമായിരുന്നു. ദീപാവലി അവധിക്കാലത്തെ ഞായറാഴ്ചയായതിനാലാണ് തിരക്ക് നിയന്ത്രണാതീതമായതെന്നും അവര്‍ പറഞ്ഞു.

ദേശീയദുരന്ത നിവാരണസേനയുടെ മൂന്ന് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി മോര്‍ബിയിലെത്തി. പോലിസും ഗ്രാമവാസികളും ഉള്‍പ്പെടെയുള്ളവര്‍ കാണാതായ നിരവധി പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ രാത്രി വൈകിയും തുടരുകയാണ്. സംഭവത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അഞ്ചംഗ ഉന്നതാധികാര സമിതി പാലം തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സാംഘവി പറഞ്ഞു. പാലം തകര്‍ന്നതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആരംഭിച്ചു.

എന്‍ഡിആര്‍എഫിന്റെ അഞ്ച് ടീമുകള്‍ സ്ഥലത്തെത്തി. പിന്നീട് കരസേനയും നാവികസേനയും വ്യോമസേനയും രംഗത്തിറങ്ങി. 19 ഓളം പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ബോട്ടുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു. ഏകദേശം 150 വര്‍ഷം പഴക്കമുള്ള പാലത്തില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

പാലം പൊട്ടിയതിനെ തുടര്‍ന്ന് ചിലര്‍ നീന്തി രക്ഷപ്പെടുന്നത് സ്ഥലത്തു നിന്നുള്ള വീഡിയോകളില്‍ കാണാം. പാലത്തിന്റെ തകര്‍ന്ന അറ്റങ്ങളില്‍ പലരും പറ്റിപ്പിടിച്ചിരിക്കുന്നതും കാണാമായിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്തില്‍ കഴിയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News