തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ കൊമ്പില്‍ കോര്‍ത്തത് 13 പേരെ; ആനക്കലിയില്‍ വിരണ്ട് പൂരങ്ങളുടെ നാട്

കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ളതും എല്ലാ ലക്ഷണങ്ങളും ഒത്തതുമായ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. എന്നാല്‍ അമ്പതിലേറെ വയസ് പ്രായമുളള ആനയ്ക്ക് പൂര്‍ണ്ണ കാഴ്ചശക്തിയില്ല.

Update: 2019-02-08 16:05 GMT



കോഴിക്കോട്: പൂരങ്ങളുടെ സ്വന്തം നാടായ സാംസ്‌കാരിക നഗരിക്ക് പറയാനുള്ളത് ആനക്കലിയുടെ ചരിത്രവും. മൂന്ന് മാസത്തിനിടെ അഞ്ച് പേരുടെ ജീവനാണ് ആനക്കലിയില്‍ നഷ്ടമായത്. ഏറ്റവും കൂടുതല്‍ പേരെ കൊമ്പില്‍ കോര്‍ത്തത് ആനപ്രേമികളുടെ ഇഷ്ടതോഴനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയും. ഇന്ന് രണ്ട് പേരേയാണ് വിരണ്ടോടിയ രാമചന്ദ്രന്‍ ചവിട്ടിക്കൊന്നത്. നാല് സ്ത്രീകളും ഒരു വിദ്യാര്‍ഥിയും ആറ് പാപ്പാന്‍മാരും ഉള്‍പ്പടെ 13 പേരെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇതുവരെ കൊലപ്പെടുത്തിയത്. 2013ല്‍ പെരുമ്പാവൂര്‍ ഊട്ടുമഠം ക്ഷേത്രോല്‍സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രന്‍ മൂന്ന് സ്ത്രീകളേയാണ് കൊന്നത്. ഇതേതുടര്‍ന്ന് സ്ഥിരം അക്രമകാരികളായ ആനകളെ എഴുന്നള്ളിക്കുന്നത് വിലക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ ഉത്തരവ് മറികടന്ന് കൊണ്ട് വീണ്ടും ആനയെ എഴുന്നള്ളിക്കുകയായിരുന്നു. എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ ഒരു സ്ത്രീയേയും കുന്നംകുളം കാട്ടകാമ്പാല്‍ ക്ഷേത്രത്തില്‍ ഒരു വിദ്യാര്‍ത്ഥിയേയും രാമചന്ദ്രന്‍ കൊലപ്പെടുത്തി.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ രണ്ട് കണ്ണും കാണില്ലെന്ന് ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോര്‍സ് പ്രസിഡന്റ് വി കെ വെങ്കിടാചലം പറയുന്നു. കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ളതും എല്ലാ ലക്ഷണങ്ങളും ഒത്തതുമായ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. എന്നാല്‍ അമ്പതിലേറെ വയസ് പ്രായമുളള ആനയ്ക്ക് പൂര്‍ണ്ണ കാഴ്ചശക്തിയില്ല. ധനലക്ഷ്മി ബാങ്ക് മാനേജരായിരുന്ന എ എന്‍ രാമചന്ദ്ര അയ്യര്‍ ബിഹാറിലെ ആനച്ചന്തയില്‍ നിന്ന് വാങ്ങിയ ആനയാണിത്. പിന്നീട് തൃശ്ശൂര്‍ സ്വദേശി വെങ്കിടാദ്രി സ്വാമി ആനയെ വാങ്ങി ഗണേശന്‍ എന്ന് പേരിട്ടു. 1984ല്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം ആനയെ വാങ്ങി നടക്കിരുത്തിയപ്പോള്‍ ഇട്ട പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. 2011 മുതല്‍ തൃശ്ശൂര്‍ പൂരത്തിന് തെക്കേ ഗോപുര വാതില്‍ തള്ളിത്തുറക്കുന്ന ആചാരപ്രധാനമായ ചടങ്ങിന് നിയോഗിക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനെയാണ്.

'നാട്ടാന നിയമങ്ങള്‍ കാറ്റിപ്പറത്തിയാണ് ആനകളെ എഴുന്നള്ളിക്കുന്നത്. ആനപ്രേമി സംഘം എന്ന പേരില്‍ മാഫിയ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നത്തെ സംഭവത്തെ തുടര്‍ന്ന് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് വിലക്കിക്കൊണ്ട് വനംവകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. വെങ്കിടാചലം തേജസ് ന്യൂസിനോട് പറഞ്ഞു.

ഇന്നത്തെ സംഭവം അടക്കം തൃശൂരില്‍ അഞ്ച് പേരാണ് മൂന്ന് മാസത്തിനിടെ ആന ഇടഞ്ഞതിനെ തുടര്‍ന്ന് കൊല്ലപ്പെടുന്നത്. പുതൃക്കോവില്‍ പാര്‍ത്ഥ സാരഥി, നാണു എഴുത്തച്ചന്‍ ശങ്കരനാരായണന്‍, ചിറ്റിലപ്പിള്ളി ഡേവിസിന്റെ കുട്ടിശങ്കരന്‍, തെച്ചുകോട്ടുകാവ് രാമചന്ദ്രന്‍ എന്നീ ആനകളാണ് ഇടഞ്ഞത്. കോഴിക്കോട് നരിക്കുനി അരീക്കല്‍ വീട്ടില്‍ ഗംഗാധരന്‍(60), കണ്ണൂര്‍ തളിപ്പറമ്പ് നിഷ നിവാസില്‍ നാരായണന്‍(ബാബു-66) എന്നിവരാണ് ഇന്ന് കൊല്ലപ്പെട്ടത്.

ഡിസംബര്‍ ഒന്നിന് പൂതൃക്കോവില്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിനകത്ത് വച്ച് ഇതേ ക്ഷേത്രത്തിന്റെ പാര്‍ത്ഥസാരഥി എന്ന ആന ഇടഞ്ഞ് പാപ്പാനെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. പിന്നീട് ഡിസംബര്‍ 17 ന് മായന്നൂര്‍ അയ്യപ്പന്‍ വിളക്കിനിടെ ശങ്കരനാരായണന്‍ എന്ന ആന പാപ്പാന്‍ രാജേഷിനെ കുത്തിക്കൊലപ്പെടുത്തി. ജനുവരി 27 ന് തൃശ്ശൂര്‍ പൊങ്ങണംകാട് വച്ച് കുട്ടിശങ്കരന്‍ എന്ന ആന പാപ്പാനായ ബാബുവിനെ കൊലപ്പെടുത്തിയിരുന്നു. ആനയിടഞ്ഞ് പാപ്പാന്‍മാരും പൂര പ്രേമികളുമടക്കം നിരവധി പേര്‍ മരിച്ചിട്ടും നാട്ടാന സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തുകയാണ് അധികൃതരും പൂര പ്രേമികളും.

Tags: