കശ്മീരിൽ മൂന്ന് ദിവസത്തിനിടെ നടന്ന ഏറ്റുമുട്ടലുകളിൽ 12 സായുധർ കൊല്ലപ്പെട്ടു
ട്രാൽ പ്രദേശത്ത് രണ്ടും ഷോപിയനിൽ അഞ്ചും ഹരിപോരയിൽ മൂന്നും ബിജ്ബേഹരയിൽ രണ്ടും സായുധരാണ് കൊല്ലപ്പെട്ടത്
ശ്രീനഗർ: കഴിഞ്ഞ മൂന്ന് ദിവസമായി ദക്ഷിണ കശ്മീരിൽ സൈന്യവും സായുധരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 12 സായുധർ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ നാല് വ്യത്യസ്ത ഇടങ്ങളിലായി സൈന്യം ഓപറേഷൻ സംഘടിപ്പിച്ചിരുന്നു. സംഭവത്തിൽ മൂന്ന് സിവിലിയന്മാർക്കും നാല് സൈനികർക്കും പരിക്കേൽക്കുകയും ചെയ്തു.
ട്രാൽ പ്രദേശത്ത് രണ്ടും ഷോപിയനിൽ അഞ്ചും ഹരിപോരയിൽ മൂന്നും ബിജ്ബേഹരയിൽ രണ്ടും സായുധരാണ് കൊല്ലപ്പെട്ടതെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലിസ് (കശ്മീർ) വിജയ് കുമാർ പറഞ്ഞു. ഹരിപോരയിൽ കൊല്ലപ്പെട്ടവർ അൽ ബദർ എന്ന സംഘടനയിൽ പെട്ടവരാണ്. ബിജ്‌ബേഹരയിൽ രണ്ട് ലശ്കർ ഇ തയിബ സായുധരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രി ഷോപിയാനിൽ വെടിവയ്പ് ഉണ്ടായപ്പോൾ സുരക്ഷാ സേന സായുധർക്ക് ഒന്നിലധികം തവണ കീഴടങ്ങാനുള്ള വാഗ്ദാനം നൽകിയെന്ന് പോലിസ് പറയുന്നു. നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലിനിടെ പ്രാദേശിക ഇമാം വഴിയാണ് രണ്ടുതവണ ഈ വാഗ്ദാനം നൽകിയത്. സായുധരിൽ ഒരാളുടെ കുടുംബത്തെ ഉപയോഗിച്ചും കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നെന്ന് പോലിസ് പറയുന്നു.
മുൻ ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവർത്തകനായ സാക്കിർ റാഷിദ് 2017 ൽ സ്ഥാപിച്ച എജിഎച്ച്, 2019 ഒക്ടോബറിൽ പുൽവാമയിൽ മൂന്ന് സായുധരെ കൊലപ്പെടുത്തിയതിന് ശേഷം ഈ മേഖലയിൽ പോലിസ് തുടച്ചുനീക്കപ്പെട്ടുവെന്ന് അവകാശപ്പെട്ടിരുന്നു. ഇംതിയാസ് കൊല്ലപ്പെട്ടതോടെ, പുതിയ ആളുകൾ സംഘടനയിൽ എത്തിയതാണ് ഇത് സൂചിപ്പിക്കുന്നത്.
ഹിസ്ബ്, അൽ ബദർ, ലശ്കർ ഇ തോയിബ, ജയ്ശെ മുഹമ്മദ്, എജിഎച്ച് എന്നിവരുൾപ്പെടെ കശ്മീരിലെ എല്ലാ സായുധ ഗ്രൂപ്പുകളും പരസ്പരം സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും കേഡർമാരുടെ പരസ്പര കൈമാറ്റം നടക്കുന്നുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്‌എഫ്), കഴിഞ്ഞ വർഷം മുതൽ ഈ മേഖലയിൽ വിവിധ ആക്രമണങ്ങൾ നടത്തുകയും ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
