ബുര്‍ക്കിനോ ഫാസോയില്‍ സായുധാക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു

Update: 2022-12-09 03:11 GMT

നൈമേ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയില്‍ സായുധര്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഭൂരിഭാഗവും സൈന്യത്തെ പിന്തുണയ്ക്കുന്ന സിവിലിയന്‍ വോളന്റിയര്‍മാരാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപോര്‍ട്ട് ചെയ്തു. മധ്യവടക്ക്- നോര്‍ത്ത് മേഖലയില്‍ ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്. അതിനുശേഷം നടന്ന രണ്ട് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ നിരവധി സായുധരെ സേന പിടികൂടിയതായി ഫാദര്‍ലാന്‍ഡ് ഡിഫന്‍സിന്റെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും അവരെ ബൗള്‍സയിലെ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയതായും നമെന്റെംഗ പ്രവിശ്യയിലെ താമസക്കാര്‍ പറഞ്ഞു. ദരിദ്രരാജ്യമായ ബുര്‍ക്കിന ഫാസോയില്‍ നടന്നുവരുന്ന സായുധാക്രമണങ്ങളില്‍ ആയിരക്കണക്കിന് സിവിലിയന്‍മാരും സുരക്ഷാ സേനയിലെ അംഗങ്ങളും മരിക്കുകയും ഏകദേശം രണ്ട് ദശലക്ഷത്തോളം ആളുകള്‍ അവരുടെ വീടുകളില്‍ നിന്ന് പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

അര്‍ധ മരുഭൂമിയിലെ രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും സായുധരുടെ നിയന്ത്രണത്തിലാണ്. ഞായറാഴ്ചയ്ക്ക് ശേഷം ബുര്‍ക്കിന ഫാസോയില്‍ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ഇതുവരെ കുറഞ്ഞത് 27 പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍. ഞായറാഴ്ച ഘാനയുടെയും ടോഗോയുടെയും തെക്കുകിഴക്കന്‍ അതിര്‍ത്തിക്കടുത്തുള്ള ബിറ്റൗവില്‍ സായുധര്‍ നടത്തിയ ആക്രമണത്തില്‍ നാല് അധ്യാപകരുള്‍പ്പെടെ ആറ് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

Tags: