ഡല്‍ഹി-തെലങ്കാന ട്രെയിനില്‍ സഞ്ചരിച്ച എട്ടുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് തെലങ്കാനയിലേക്ക് സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസില്‍ സഞ്ചരിച്ച എട്ടുപേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. മാര്‍ച്ച് 13ന് ഡല്‍ഹിയില്‍ നിന്ന് തെലങ്കാനയിലേക്ക് സഞ്ചരിച്ചവരില്‍ എട്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് റെയില്‍വേ മന്ത്രാലയമാണ് വ്യക്തമാക്കി. സുരക്ഷ കണക്കിലെടുത്ത് അത്യാവശ്യമല്ലാത്ത ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കണമെന്ന് റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ടു.
കുറഞ്ഞത് 12 കൊറോണ ബാധിതരെങ്കിലും മാര്‍ച്ച് 13നും 16നും ഇടയില്‍ ട്രെയിനുകളില്‍ യാത്ര ചെയ്തതായി റെയില്‍വേ അറിയിച്ചു. 'ട്രെയിനുകളില്‍ കൊറോണ വൈറസ് ബാധിച്ച ചില കേസുകള്‍ റെയില്‍വേ കണ്ടെത്തിയിട്ടുണ്ട്. ഇത് ട്രെയിന്‍ യാത്ര അപകടകരമാക്കുന്നു. നിങ്ങളുടെ സഹയാത്രികന് കൊറോണ വൈറസ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും രോഗം വരാം. ട്രെയിന്‍ യാത്ര ഒഴിവാക്കുക. എല്ലാ യാത്രകളും മാറ്റിവച്ച് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സുരക്ഷിതമായി സൂക്ഷിക്കുക,' റെയില്‍വേ ട്വീറ്റിലൂടെ അഭ്യര്‍ഥിച്ചു. ഇന്ത്യയില്‍ കൊറോണ വൈറസ് കേസുകള്‍ നാലു മരണങ്ങളടക്കം 283 ആയി ഉയര്‍ന്ന ദിവസത്തിലാണ് റെയില്‍വേയുടെ ട്വീറ്റെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അറിയിച്ചു.
മുംബൈ-പൂനെ മേഖലയില്‍ നിന്നുള്ള ട്രെയിനുകളില്‍ ബിഹാറിലേക്ക് വരുന്ന യാത്രക്കാരെ സ്‌ക്രീന്‍ ചെയ്യാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ബിഹാര്‍ സര്‍ക്കാരിനോട് സാധ്യമായ എല്ലാ സഹായങ്ങളും അഭ്യര്‍ഥിച്ചു. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 'ജനതാ കര്‍ഫ്യൂ' ദിനമായ ഞായറാഴ്ച ട്രെയിനുകളൊന്നും രാജ്യത്ത് ഓടില്ല.