കൊവിഡ് 19: ദുബൈയില്‍ റോഡുകള്‍ അണുവിമുക്തമാക്കുന്നു (വീഡിയോ)

അല്‍റിഗ്ഗ സ്ട്രീറ്റില്‍ നിന്നാണ് റോഡുകളും തെരുവുകളും അണുവിമുക്തമാക്കാനുള്ള യജ്ഞത്തിന് ദുബൈ നഗരസഭ തുടക്കമിട്ടത്. നഗരത്തിലെ 95ലേറെ റോഡുകള്‍ അണുനാശിനി തെളിച്ച് വൃത്തിയാക്കും.

Update: 2020-03-21 04:12 GMT

ദുബൈ: കൊവിഡ് 19നെ പ്രതിരോധിക്കാന്‍ ദുബൈ നഗരത്തില്‍ റോഡുകളും പൊതു ഇടങ്ങളും ദുബൈ മുന്‍സിപ്പാലിറ്റി അണുവിമുക്തമാക്കുന്നു. നഗരത്തിലെ മുഴുവന്‍ റോഡുകളും ജനസാന്ദ്രതയുള്ള തെരുവുകളും അണുനാശിനി തളിച്ച് വൃത്തിയാക്കും. ഇതിനായി 11 ദിവസത്തെ തീവ്രയജ്ഞ പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ഈ പദ്ധതിക്ക് തുടക്കമായത്.

അല്‍റിഗ്ഗ സ്ട്രീറ്റില്‍ നിന്നാണ് റോഡുകളും തെരുവുകളും അണുവിമുക്തമാക്കാനുള്ള യജ്ഞത്തിന് ദുബൈ നഗരസഭ തുടക്കമിട്ടത്. നഗരത്തിലെ 95ലേറെ റോഡുകള്‍ അണുനാശിനി തെളിച്ച് വൃത്തിയാക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രത്യേക അണുനാശിനികളാണ് തെരുവുകളില്‍ പ്രയോഗിക്കുന്നത്.

അണുനശീകരണ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കാന്‍ നഗരസഭ ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ദാവൂദ് അല്‍ഹജ്രി ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. ശുചീകരണത്തിന്റെ ഭാഗമായി ദുബൈ മെട്രോ പൊതു സ്ഥലങ്ങളും പാര്‍ക്കുകളും അടച്ചിരിക്കുകയാണ്. തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍, ഭക്ഷ്യ സ്ഥാപനങ്ങള്‍, തിയ്യറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, ഫിറ്റ്‌നസ് സെന്ററുകള്‍, കളിസ്ഥലങ്ങള്‍, വെറ്റിനറി ക്ലിനിക്കുകള്‍, അലക്കുശാലകള്‍ , ഉപഭോക്തൃ വ്യാപാര സ്ഥാപനങ്ങള്‍, ജെന്‍സ്, ലേഡീസ് സലൂണുകള്‍, നിര്‍മ്മാണ കരാര്‍ കമ്പനികള്‍ എന്നിവിടങ്ങളിലും ശുചീകരണ പ്രക്രിയ നടക്കും.

മാര്‍ച്ച് 21 ന് ഹോര്‍ അല്‍ അന്‍സ്, അബുബക്കര്‍ അല്‍ സിദ്ദിഖി സ്ട്രീറ്റ്, ബെയ്‌റൂട്ട് സ്ട്രീറ്റ് എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ശുചീകരിക്കും. മാര്‍ച്ച് 23 ന് അല്‍ സീഫ് സ്ട്രീറ്റ്, ജുമൈറ, അല്‍ മനാര, അല്‍ വാസല്‍, ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റ്, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ശുചീകരണം നടക്കും.


Tags:    

Similar News