വായ്പ്പാ തട്ടിപ്പ് കേസുകളിൽ 11 സംസ്ഥാനങ്ങളിലായി 100 ഇടത്ത് സിബിഐ റെയ്ഡ്
വിവിധ ദേശസാൽകൃത ബാങ്കുകളിൽ നിന്ന് ലഭിച്ച പരാതികളിൽ തട്ടിപ്പുകാർക്കെതിരേയുള്ള കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രത്യേക നീക്കത്തിന്റെ ഭാഗമായാണ് ഈ പരിശോധന.
ന്യൂഡൽഹി: 3,700 കോടിയിലധികം രൂപയുടെ വായ്പ്പാ തട്ടിപ്പ് കേസുകളിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 100 ഇടങ്ങളിൽ റെയ്ഡ് നടത്തി. ഒരേ സമയം 11 സംസ്ഥാനങ്ങളിലായി വായ്പ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട 30 എഫ്‌ഐആറുകളുടെ പിൻബലത്തിലാണ് റെയ്ഡ് സംഘടിപ്പിച്ചത്.
ഇന്ത്യയിലെ വിവിധ ദേശസാൽകൃത ബാങ്കുകളിൽ നിന്ന് ലഭിച്ച പരാതികളിൽ തട്ടിപ്പുകാർക്കെതിരേയുള്ള കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രത്യേക നീക്കത്തിന്റെ ഭാഗമായാണ് ഈ പരിശോധന. പരാതിക്കാരായ ബാങ്കുകളിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളുണ്ടെന്ന് സിബിഐ വക്താവ് ആർസി ജോഷി പറഞ്ഞു.
കാൺപൂർ, ഡൽഹി, ഗാസിയാബാദ്, മഥുര, നോയിഡ, ഗുഡ്ഗാവ്, ചെന്നൈ, തിരുവാരൂർ, വെല്ലൂർ, തിരുപ്പൂർ, ബംഗളൂരു, ഗുണ്ടൂർ, ഹൈദരാബാദ്, ബല്ലാരി, വഡോദര, കൊൽക്കത്ത, പശ്ചിമ ഗോദാവരി, സൂറത്ത്, മുംബൈ, നം, അഹമ്മദാബാദ്, രാജ്കോട്ട്, കർണാൽ, ജയ്പൂർ, ശ്രീ ഗംഗനഗർ എന്നിവിടങ്ങളിലാണ് റെയ്ഡുകൾ നടന്നത്.