'ജയ് ശ്രീറാം' വിളിച്ചില്ല; 10 വയസ്സുകാരന് ക്രൂരമര്‍ദ്ദനം

Update: 2022-12-30 09:02 GMT

ഭോപാല്‍: 'ജയ് ശ്രീറാം' വിളിക്കാത്തതിന് അഞ്ചാം ക്ലാസ്സുകാരനായ മുസ്‌ലിം വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ ഖണ്ട്‌വയിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയായ 10 വയസ്സുകാരനെയാണ് അയല്‍വാസിയായ അജയ് ഭില്‍ എന്നയാള്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്. ബുധനാഴ്ച ട്യൂഷനു പോവുന്നതിനിടെ കുട്ടിയെ തടഞ്ഞ് 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. ഇതേത്തുടര്‍ന്നാണ് കുട്ടിയെ മര്‍ദ്ദിച്ചത്.

വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് സംഭവം വിവരിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ പാണ്ടാന പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലിസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 295 എ, ഐപിസി 323 എന്നിവ പ്രകാരമാണ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഡിസംബര്‍ 29 ന് വിവിധ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ഖാണ്ഡവ ജില്ലാ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് അനില്‍ ചൗഹാന്‍ പറഞ്ഞു.


Full View

സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ അജയ് കൈയേറ്റം ചെയ്യുകയും 'ജയ് ശ്രീറാം' എന്ന് മുദ്രാവാക്യം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി താന പോലിസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. തുടര്‍ന്ന് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ട്യൂഷന്‍ ക്ലാസിന് പോയ കുട്ടി അരമണിക്കൂറിനുള്ളില്‍ തിരിച്ചെത്തി. അപ്പോഴവന്‍ ഏറെ അസ്വസ്ഥനായിരുന്നു. കരഞ്ഞുകൊണ്ടാണ് വന്നത്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ അന്വേഷിച്ചു.

ഞങ്ങളുടെ കോളനിയിലെ താമസക്കാരനായ അജയ് ഭില്‍ അവനെ തടഞ്ഞുനിര്‍ത്തി ജയ് ശ്രീറാം എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടെന്ന് അവന്‍ ഞങ്ങളോട് പറഞ്ഞു. ജയ് ശ്രീറാം വിളിക്കാത്തതിന് അജയ് മകനെ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചു. ജയ്ശ്രീറാം വിളിച്ചാല്‍ മാത്രമേ വിട്ടയക്കൂ എന്ന് പറഞ്ഞതായും കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തില്‍ തന്റെ കുട്ടി ഭയന്നുപോയിട്ടുണ്ട്. കുറ്റക്കാരനെതിരേ പോലിസ് ഗൗരവമായ നടപടിയെടുക്കണമെന്നും കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. പ്രദേശത്ത് ഇരുമ്പ് പെട്ടികള്‍ വില്‍ക്കുന്ന ഒരു ചെറിയ കട നടത്തുകയാണ് കുട്ടിയുടെ പിതാവ്.

Tags: