10 വയസ്സുകാരനെ മദ് റസയിലെ ബെഞ്ചില്‍ ചങ്ങലയ്ക്കിട്ടു

പോലിസെത്തി ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, ഐപിസി സെക്ഷന്‍ 342 എന്നിവ പ്രകാരം മദ് റസ മാനേജരെ അറസ്റ്റ് ചെയ്തു.

Update: 2019-09-15 18:12 GMT

ഭോപ്പാല്‍: 10 വയസ്സുകാരനായ വിദ്യാര്‍ഥിയെ ഇരുമ്പുബെഞ്ചില്‍ ചങ്ങലയ്ക്കിട്ട നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ഭോപ്പാലില്‍ രജിസ്റ്റര്‍ ചെയ്യാത്ത മദ് റസയില്‍ ഞായറാഴ്ച രാവിലെയാണു സംഭവം. ഇതേ മദ്‌റസയില്‍ താമസിച്ചു പഠിക്കുന്ന ഏഴുവയസ്സുള്ള ആണ്‍കുട്ടിയെ സമീപത്ത് ഉറങ്ങുന്നതായും കണ്ടെത്തി. രാവിലെ 10ഓടെയാണ് മദ് റസയ്ക്കുള്ളില്‍ ഇരുമ്പ് ചങ്ങലകൊണ്ട് മെറ്റല്‍ ബെഞ്ചില്‍ കാലുകള്‍ കെട്ടിയിട്ട നിലയില്‍ വിദ്യാര്‍ഥിയെ പ്രദേശവാസികള്‍ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ദൂരേയ്ക്കു പോവുന്നത് തടയാനാണ് ചെറിയ ചങ്ങലയ്ക്കിട്ടത്. പ്രദേശവാസികള്‍ വിവരം പോലിസില്‍ അറിയിക്കുകയും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കുട്ടിയെ മോചിപ്പിക്കുകയും ചെയ്തു. പോലിസെത്തി ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, ഐപിസി സെക്്ഷന്‍ 342 എന്നിവ പ്രകാരം മദ് റസ മാനേജരെ അറസ്റ്റ് ചെയ്തു.

    പലതവണ സ്ഥാപനത്തില്‍നിന്നു ഓടിപ്പോയതിനാല്‍ 10 വയസ്സുകാരനെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ചങ്ങലയ്ക്കിട്ടതെന്നാണ് മദ് റസ മാനേജര്‍ പറഞ്ഞത്. മാനേജറെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് സ്‌റ്റേഷന്‍ ചുമതലയുള്ള ഉമേഷ് യാദവ് പറഞ്ഞു. മദ് റസയില്‍ താമസിച്ചു പഠിക്കുന്ന 22 ആണ്‍കുട്ടികളില്‍ രണ്ടുപേര്‍ വീട്ടിലേക്ക് ഓടിപ്പോയിരുന്നു. കഴിഞ്ഞ രണ്ട് മാസമായി മദ് റസയില്‍ പഠിച്ച് താമസിക്കുകയായിരുന്നു കുട്ടികള്‍. സ്ഥാപനം മദ് റസ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും രജിസ്റ്റര്‍ ചെയ്ത സൊസൈറ്റിക്കു കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. രണ്ട് ആണ്‍കുട്ടികളെയും നഗരത്തിലെ ടിടി നഗര്‍ പോലിസ് സ്‌റ്റേഷനിലെ ശിശു സൗഹൃദ കോര്‍ണറിലേക്ക് മാറ്റി. ഇവരെ ജില്ലാ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാക്കും.




Tags: