വയനാട്ടില്‍ ഉരുള്‍പൊട്ടിയത് 10 സ്ഥലങ്ങളില്‍; മാറ്റിപാര്‍പ്പിച്ചത് 88,854 പേരെ

പുത്തുമല, വെള്ളരിമല, മംഗലശ്ശേരിമല, പെരിഞ്ചേര്‍മല, നരിക്കുനി, മണിച്ചോട്, പഴശ്ശി കോളനി, പച്ചക്കാട്, മക്കിയാട്, കോറോം, ചാലില്‍ മീന്‍മുട്ടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്

Update: 2019-08-13 17:19 GMT

കല്‍പറ്റ: കനത്ത മഴയില്‍ വയനാട് ജില്ലയില്‍ ചെറുതും വലുതുമായ 10 ഉരുള്‍പൊട്ടലാണുണ്ടായതെന്ന് ജില്ലാ കലക്്ടര്‍ എ ആര്‍ അജയകുമാര്‍. ജില്ലാതല അവലോകന യോഗത്തിലാണ് കലക്്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പുത്തുമല, വെള്ളരിമല, മംഗലശ്ശേരിമല, പെരിഞ്ചേര്‍മല, നരിക്കുനി, മണിച്ചോട്, പഴശ്ശി കോളനി, പച്ചക്കാട്, മക്കിയാട്, കോറോം, ചാലില്‍ മീന്‍മുട്ടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. അപകട സാധ്യതയുള്ള മേഖലകളില്‍ നിന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം 88,854 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഇതില്‍ 30000ത്തോളം പേര്‍ ദുരിതാശ്വാസ ക്യാംപിലേക്കും ബാക്കിയുള്ളവര്‍ ബന്ധുവീടുകളിലേക്കുമാണ് മാറിത്താമസിച്ചത്. വെള്ളം കയറാനും മണ്ണിടിയാനും സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നാണ് ആളുകളെ മാറ്റിയത്. കഴിഞ്ഞ തവണ ഉരുള്‍പൊട്ടിയ കുറിച്യര്‍മലയില്‍ നിന്ന് 1474 പേരെ മാറ്റിതാമസിപ്പിച്ചു. ഇത്തവണ ആഗസ്ത് എട്ടിന് ഉരുള്‍പൊട്ടിയ പുത്തുമലയില്‍ നിന്ന് 4000ത്തോളം പേരെ മാറ്റിയിരുന്നു. ജില്ലയില്‍ പ്രാഥമിക കണക്കനുസരിച്ച് 565 വീടുകള്‍ക്ക് കേടുപാട് സംഭവിച്ചതായും കലക്്ടര്‍ അറിയിച്ചു.


Tags: