മധ്യപ്രദേശില്‍ സ്വകാര്യാശുപത്രിയിലെ തീപ്പിടിത്തം; മരണം 10 ആയി

Update: 2022-08-01 12:51 GMT

ഭോപാല്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ സ്വകാര്യാശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി. ജബല്‍പൂരിലെ ദാമോ നാകയിലെ ന്യൂ ലൈഫ് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. 21 പേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. പൊള്ളലേറ്റ രണ്ടുപേരുടെ നില ഗുരുതരമെന്ന് ജബല്‍പൂര്‍ ജില്ലാ കലക്ടര്‍ അല്ലയ്യ രാജ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. നിരവധി പേര്‍ ആശുപത്രിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായി ജബല്‍പൂര്‍ സിഎസ്പി അഖിലേഷ് ഗൗര്‍ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. നിരവധി അഗ്‌നിശമന സേനാ സംഘങ്ങള്‍ തീ നിയന്ത്രണവിധേയമാക്കാനും രോഗികളെ ഒഴിപ്പിക്കാനും ശ്രമിച്ച് വരികയാണെന്ന് പോലിസ് സൂപ്രണ്ട് (എസ്പി) സിദ്ധാര്‍ഥ് ബഹുഗുണ പറഞ്ഞു.

Tags: