ബിഹാറില്‍ വ്യാജമദ്യ ദുരന്തം; 10 മരണം, 14 പേരുടെ നില ഗുരുതരം

Update: 2021-11-04 10:14 GMT

പട്‌ന: ബിഹാറിലെ വെസ്റ്റ് ചമ്പാരനിലും ഗോപാല്‍ഗഞ്ചിലുമായി വ്യാജമദ്യം കഴിച്ച് 10 പേര്‍ മരിച്ചു. ഗോപാല്‍ഗഞ്ചില്‍ മാത്രം ഒമ്പത് മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. വ്യാജമദ്യം കഴിച്ച് 14 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരിച്ചവരുടെ പോസ്റ്റ്മാര്‍ട്ടത്തിനുശേഷം മാത്രമേ കാരണം വ്യക്തമാവുകയുള്ളൂ എന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. ബിഹാറില്‍ കഴിഞ്ഞ 11 ദിവത്തിനിടെ ഉണ്ടാവുന്ന നാലാമത്തെ മദ്യദുരന്തമാണിത്.

ഒക്ടോബര്‍ 24ന് സിവാന്‍ ജില്ലയിലും ഒക്ടോബര്‍ എട്ടിന് സാരായ ജില്ലയിലും എട്ടുപേര്‍ മരിച്ചിരുന്നു. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് മൊത്തം വ്യാജ മദ്യവുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം 15 ആയി. പ്രഥമികപരിശോധനയില്‍ ഈ മരണങ്ങള്‍ വിഷപദാര്‍ഥങ്ങള്‍ കഴിച്ചതിനെ തുടര്‍ന്നാണ് സംഭവിച്ചതെന്ന് തോന്നുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടുകള്‍ വന്നതിന് ശേഷം മാത്രമേ മരണത്തിന്റെ യഥാര്‍ഥ കാരണം അറിയാന്‍ കഴിയൂ- വെസ്റ്റ് ചമ്പാരനിലെ മരണങ്ങള്‍ സ്ഥിരീകരിച്ച് ദക്ഷിണ തെലുവ പഞ്ചായത്ത് പോലിസ് സൂപ്രണ്ട് ഉപേന്ദ്ര നാഥ് വര്‍മ പറഞ്ഞു.

ഗോപാല്‍ഗഞ്ചില്‍ കുഷാര്‍ ഗ്രാമത്തിലെ ഒരു ഡസന്‍ ആളുകള്‍ വ്യാജമദ്യം കഴിച്ചതായും അസുഖം ബാധിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവരെ ഗോപാല്‍ഗഞ്ച്, മോത്തിഹാരി ജില്ലകളിലെ സ്വകാര്യാശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓക്കാനം, തലവേദന, ഛര്‍ദ്ദി, കാഴ്ച പ്രശ്‌നങ്ങള്‍ ഇവര്‍ക്ക് അനുഭവപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നു. അടുത്തടുത്ത ജില്ലകളിലാണ് മദ്യദുരന്തമുണ്ടാവുന്നത്. ഇതിനെതിരെ പ്രദേശ വാസികള്‍ രംഗത്തെത്തിയിരുന്നു. ജില്ലാ മജസ്‌ട്രേറ്റ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News