ശാന്തിവനത്തിലെ മരച്ചില്ല കെഎസ്ഇബി മുറിച്ചു ; പ്രതിഷേധമായി ഉടമ മുടിമുറിച്ചു

ശാന്തിവനം ഉടമ മീന മേനോനാണ് തന്റെ മുടിമുറിച്ച് പ്രതിഷേധം ഉയര്‍ത്തിയത്.മന്നം -ചെറായി വൈദ്യുതി ലൈന്‍ പദ്ധതിയുടെ ഭാഗമായി ശാന്തിവനത്തിലൂടെ ലൈന്‍ വലിക്കാനുളള കെഎസ്ഇബിയുടെ ശ്രമത്തിനെതിരെ നേരത്തെ പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നുവെങ്കിലും സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും പ്രതിഷേധം മറികടന്ന് ശാന്തിവനത്തില്‍ വൈദ്യുതി ടവര്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ടവറിനു ഭീഷണിയാകുന്നുവെന്ന പേരില്‍ ഇതിനു സമീപത്തെ മരങ്ങളുടെ ചില്ലകള്‍ മുറിച്ചു മാറ്റുന്നത്

Update: 2019-06-19 12:34 GMT

കൊച്ചി:പറവൂര്‍ ശാന്തിവനത്തില്‍ സ്ഥാപിച്ച വൈദ്യുതി ടവറിനായി കെഎസ്ഇബി വൃക്ഷങ്ങളുടെ ചില്ലകള്‍ മുറിച്ചു മാറ്റി. കെഎസ്ഇബിയുടെ നടപടിക്കെതിരെ ശാന്തിവനം ഉടമ മുടിമുറിച്ചു പ്രതിഷേധിച്ചു. ഉടമ മീന മേനോനാണ് തന്റെ മുടിമുറിച്ച് പ്രതിഷേധം ഉയര്‍ത്തിയത്.മന്നം -ചെറായി വൈദ്യുതി ലൈന്‍ പദ്ധതിയുടെ ഭാഗമായി ശാന്തിവനത്തിലൂടെ ലൈന്‍ വലിക്കാനുളള കെഎസ്ഇബിയുടെ ശ്രമത്തിനെതിരെ നേരത്തെ പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നുവെങ്കിലും സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും പ്രതിഷേധം മറികടന്ന് ശാന്തിവനത്തില്‍ വൈദ്യുതി ടവര്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ടവറിനു ഭീഷണിയാകുന്നുവെന്ന പേരില്‍ ഇതിനു സമീപത്തെ മരങ്ങളുടെ ചില്ലകള്‍ മുറിച്ചു മാറ്റുന്നത്.ഇന്ന് രാവിലെ കെഎസ് ഇ ബി അധികൃതര്‍ മരച്ചില്ല വെട്ടിമാറ്റാന്‍ എത്തിയെങ്കിലും ശാന്തിവനം സംരഷണ സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി തടഞ്ഞതോടെ കെഎസ് ഇ ബി അധികൃതര്‍ മടങ്ങിപോയിരുന്നു.തുടര്‍ന്ന് ഉച്ചകഴിഞ്ഞ് വന്‍ പോലിസ് സന്നാഹത്തോടെ വീണ്ടും കെഎസ്ഇബി അധികൃതര്‍ എത്തി മരച്ചില്ല മുറിച്ചു മാറ്റുകയായിരുന്നു.

തടയാന്‍ ശ്രമിക്കുന്നവരെ അറസ്റ്റു ചെയ്യുമെന്ന് പോലിസ് മുന്നറിയിപ്പും നല്‍കി.ഇതോടെയാണ് സ്ഥലമുടമ മീന മേനോന്‍ പ്രതിഷേധത്തിന്റെ ഭാഗമായി പോലിസുകാരെയും കെഎസ്ഇബി അധികൃതരെയും സാക്ഷി നിര്‍ത്തി തന്റെ മുടി കത്രിക ഉപയോഗിച്ച് മുറിച്ചു നീക്കിയത്.മുടി മുറിച്ച് താന്‍ ഇത് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയാണെന്ന് മീന മേനോന്‍ പറഞ്ഞു. ശാന്തിവനം സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രിയുടെ മറുപടിക്കുവേണ്ടി താന്‍ ഇത്രയും ദിവസം കാത്തു.എന്നാല്‍ ഒരു മറുപടിയും ഉണ്ടായില്ല..താന്‍ ഒരു പാട് മുദ്രാവാക്യം വിളിച്ചിട്ടുള്ള പാര്‍ടിയാണ്. അതേ പാര്‍ടിക്ക് തന്നെ തന്റെ മുടി താന്‍ സമര്‍പ്പിക്കുകയാണെന്നും മീന മേനോന്‍ പറഞ്ഞു.പച്ചത്തുരുത്തുണ്ടാക്കാന്‍ ഇറങ്ങുന്നവര്‍ക്ക് ഇത് ഓര്‍മയായിരിക്കണം.ഒരോ വൃക്ഷച്ചില്ലകളും നശിപ്പിക്കുമ്പോള്‍ അതില്‍ ഒരോ കൊച്ചു ജീവജാലങ്ങള്‍ ഉണ്ടെന്ന കാര്യം മറക്കരുതെന്നും മീന മേനോന്‍ പറഞ്ഞു.

Tags: