ഈജിപ്തിൽ ലുലു ഗ്രൂപ്പ് വൻ വാണിജ്യ ശ്യംഖല ആരംഭിക്കുന്നു; 7,500 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി അബുദബി സർക്കാർ

Update: 2020-10-19 10:17 GMT

അബുദബി: സർക്കാർ ഉടമസ്ഥതയിലുള്ളതും, രാജകുടുംബാംഗമായ ശൈഖ് താനുൺ ബിൻ സായിദ് അൽ നഹ്യാൻ ചെയർമാനുമായ അബുദാബി കമ്പനി (എ ഡി ക്യു ) വീണ്ടും ലുലു ഗ്രൂപ്പിൽ മുതൽ മുടക്കുന്നു. മധ്യപൗരസ്ത്യദേശത്തെയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും വലിയ വിപണിയായ മിന (മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക റീജിയൻ) ഈജിപ്തിലെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിനായി 7,500 കോടി രൂപയാണ് (100 കോടി ഡോളർ) ലുലുവിന്റെ ഈജിപ്ത് കമ്പനിയിൽ അബുദബി സർക്കാർ നിക്ഷേപിക്കുന്നത്.

ഇതു സംബന്ധിച്ച കരാറിൽ അബുദാബി കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് ഹസ്സൻ അൽ സുവൈദിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും തമ്മിൽ ഒപ്പ് വെച്ചു.

ഈജിപ്തിലെ വിവിധ നഗരങ്ങളിൽ 30 ഹൈപ്പർമാർക്കറ്റുകൾ, 100 മിനി മാർക്കറ്റുകൾ, ആധുനിക സൗകര്യങ്ങളോടുകൂടിയ ലോജിസ്റ്റിക്സ് സെന്റർ, ഈകോമേഴ്സ് വിപുലീകരണം എന്നിവയ്ക്കുവേണ്ടിയാണ് പുതിയ നിക്ഷേപം ഉപയോഗിക്കുക. മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പുതിയ മാർക്കറ്റുകൾ പ്രവർത്തന സജ്ജമാകുന്നതോടു കൂടി മലയാളികളുൾപ്പെടെ 12,000 പേർക്ക് ഈജിപ്തിൽ തൊഴിൽ ലഭ്യമാകും.

ഇത് രണ്ടാമത്തെ തവണയാണ് എം എ യൂസഫലി ചെയർമാനായ ലുലു ഗ്രൂപ്പിൽ അബുദബി സർക്കാർ വീണ്ടും മൂലധന നിക്ഷേപമിറക്കുന്നത്. കഴിഞ്ഞ മാസം 8,200 കോടി രൂപ (1.1 ബില്ല്യൻ യു എസ് ഡോളർ) ഇന്ത്യയും ഖത്തറും ഒഴികെയുള്ള രാജ്യങ്ങളിലെ പ്രവർത്തനത്തിനായി മുതൽ മുടക്കിയിരുന്നു.

ലുലു ഗ്രൂപ്പിനോടുള്ള വിശ്വാസമാണ് തുടർച്ചയായ നിക്ഷേപം സൂചിപ്പിക്കുന്നതെന്നും ഇതിന് അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോടും മറ്റ് രാജകുടുംബാംഗങ്ങളോടും നന്ദി പറയുന്നുവെന്നും എം എ യൂസഫലി പറഞ്ഞു. കൂടുതൽ രാജ്യങ്ങളിലേക്ക് ലുലുവിൻന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതോടൊപ്പം കേരളമടക്കമുള്ള ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ഹൈപ്പർമാർക്കറ്റുകളും മിനി മാർക്കറ്റുകളും ആരംഭിക്കുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.

ലുലുവിന്റെ രണ്ടാമത് ഹൈപ്പർമാർക്കറ്റ് കഴിഞ്ഞ മാസം ഈജിപ്ത് തലസ്ഥാനമായ കെയ്റോക്കടുത്തുള്ള ഹെലിയോപ്പോളീസിൽ പ്രവർത്തനമാരംഭിച്ചിരുന്നു.

Similar News