ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ ഒരു ലക്ഷം കവിഞ്ഞു; മരണപ്പെട്ടത് 3000ത്തിലേറെ

Update: 2020-05-19 02:44 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. കൊവിഡ് മഹാമാരിയില്‍ രാജ്യത്ത് 3000ത്തിലേറെ പേരാണ് മരണപ്പെട്ടത്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഒരുലക്ഷം കവിഞ്ഞത്. ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മെയ് 31 വരെ കേന്ദ്രം നീട്ടിയ ശേഷം പല സംസ്ഥാനങ്ങളും ഇളവ് വരുത്തുമെന്ന് പ്രഖ്യാപിച്ചപ്പോഴും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. കൊറോണ വൈറസില്‍ നിന്ന് മുക്തമായെന്ന് കരുതുന്ന പ്രദേശങ്ങളില്‍ മാര്‍ക്കറ്റുകള്‍, പ്രാദേശിക ഗതാഗതം, സലൂണുകള്‍ എന്നിവ വീണ്ടും തുറക്കാന്‍ നിരവധി സംസ്ഥാനങ്ങള്‍ ഉത്തരവിട്ടിട്ടുണ്ട്.

    എന്നിരുന്നാലും സ്‌കൂളുകള്‍, കോളജുകള്‍, തിയേറ്ററുകള്‍, മാളുകള്‍ എന്നിവ തുറക്കാന്‍ അനുമതിയില്ല. തിങ്കളാഴ്ച രാജ്യത്ത് 5,242 പുതിയ കൊറോണ വൈറസ് കേസുകളാണ് രേഖപ്പെടുത്തിത്. മഹാമാരിയെക്കെതിരേ പോരാടാന്‍ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ യഥാസമയം സ്വീകരിച്ചതായി 73ാമത് ലോകാരോഗ്യ അസംബ്ലിയെ അഭിസംബോധന ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.