രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ; ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍

കെ മുരളീധരന്‍ തൃശൂരിലും വടകരയില്‍ ഷാഫി പറമ്പില്‍ വടകരയിലും മല്‍സരിക്കും

Update: 2024-03-08 14:24 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ആദ്യഘട്ട സ്ഥാനാര്‍ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചത്. കേരളത്തിലെ 16 ഉള്‍പ്പെടെ ആകെ 39 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. കെ മുരളീധരന്‍ തൃശൂരിലും ഷാഫി പറമ്പില്‍ വടകരയിലും മല്‍സരിക്കും. രാഹുല്‍ ഗാന്ധി ഇത്തവണയും വയനാട്ടില്‍ തന്നെയാണ് മല്‍സരിക്കുന്നത്. അതേസമയം, നിലവില്‍ രാജ്യസഭാ എംപിയായ കെ സി വേണുഗോപാല്‍ ഇത്തവണ ആലപ്പുഴ മണ്ഡലത്തില്‍ നിന്ന ജനവിധി തേടും.



വ്യാഴാഴ്ച രാത്രി എഐസിസി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ആദ്യഘട്ട പട്ടികയ്ക്ക് രൂപംനല്‍കിയത്. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഡി കെ ശിവകുമാര്‍, കേരളത്തിന്റെ സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ ഹരീഷ് ചൗധരി, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ശശി തരൂര്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കേരളത്തിലേത് കൂടാതെ ഛത്തീസ്ഗഢ്, കര്‍ണാടക, മേഖാലയ, നാഗാലാന്‍ഡ്, സിക്കിം, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങളിലേതടക്കം 39 സ്ഥാനാര്‍ഥികളുടെ പേരുകളാണ് ഇന്ന് പ്രഖ്യാപിച്ചത്.

കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം-ശശി തരൂര്‍

ആറ്റിങ്ങല്‍-അടൂര്‍ പ്രകാശ്

ആലപ്പുഴ-കെ സി വേണുഗോപാല്‍

മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്

ഇടുക്കി ഡീന്‍ കുര്യാക്കോസ്

പത്തനംതിട്ട-ആന്റോ ആന്റണി

എറണാകുളം-ഹൈബി ഈഡന്‍

ചാലക്കുടി-ബെന്നി ബഹനാന്‍

ആലത്തൂര്‍-രമ്യാ ഹരിദാസ്

പാലക്കാട്-വി കെ ശ്രീകണ്ഠന്‍

തൃശ്ശൂര്‍-കെ മുരളീധരന്‍

കോഴിക്കോട്-എം കെ രാഘവന്‍

വയനാട് -രാഹുല്‍ ഗാന്ധി

വടകര-ഷാഫി പറമ്പില്‍

കണ്ണൂര്‍-കെ സുധാകരന്‍

കാസര്‍കോട് -രാജ്‌മോഹന്‍ ഉണ്ണിത്താന്‍