സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വഴി തിരഞ്ഞെടുത്ത 123 പേരുടെ പാസിങ് ഔട്ട് പരേഡ് നടന്നു

Update: 2022-02-10 18:25 GMT

തൃശൂര്‍: പോലീസ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വഴി തിരഞ്ഞെടുത്ത 123 പേരുടെ പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഓണ്‍ലൈനായി സംബന്ധിച്ചു. കമാണ്ടന്റ് ഇന്ത്യാ റിസര്‍വ്വ് ബറ്റാലിയന്‍ ഡി ഐ ജി ആംഡ് പൊലീസ് ബറ്റാലിയന്‍സ് ഇന്‍ ചാര്‍ജ് പി പ്രകാശ് നേരിട്ട് പങ്കെടുത്ത് സല്യൂട്ട് സ്വീകരിച്ച് ബെസ്റ്റ് കാഡറ്റുകള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ബെസ്റ്റ് ഇന്‍ഡോറായി ഷിജു, ബെസ്റ്റ് ഷൂട്ടറായി സായൂജ്, ബെസ്റ്റ് ഔട്ട്‌ഡോര്‍, ബെസ്റ്റ് ഓള്‍ റൗണ്ടര്‍ മെന്‍ എന്നിവയായി സജിന്‍, ബെസ്റ്റ് ഓള്‍ റൗണ്ടര്‍ വുമണ്‍ ആയി അജിത ഗണേശന്‍ എന്നിവര്‍ ട്രോഫികള്‍ ഏറ്റുവാങ്ങി.

ആദിവാസി മേഖലയില്‍നിന്ന് പ്രത്യേക നിയമനം വഴി തിരഞ്ഞെടുക്കപ്പെട്ടവരാണ് സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വഴി പൊലീസ് സേനയുടെ ഭാഗമായത്. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ വനമേഖലയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണിവര്‍. വയനാട് നിന്നും 84 പേരും പാലക്കാട്ടുനിന്ന് 25 പേരും മലപ്പുറത്തുനിന്ന് പതിനാലുപേരുമുണ്ട്. ഇതില്‍ 36 പേര്‍ വനിതകളാണ്. പരിശീലനം പൂര്‍ത്തിയാക്കിയ ഇവരില്‍ 12 പേര്‍ ബിരുദമുള്ളവരാണ്. ഒരാള്‍ ബിരുദാനന്തര ബിരുദത്തിനുശേഷം ബി.എഡ് നേടിയിട്ടുണ്ട്. ഒരാള്‍ ബി.ബി.എ പാസ്സായി. രണ്ടു പേര്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പരിശീലനം പൂര്‍ത്തിയാക്കിയവരാണ്. ബാക്കിയുളളവര്‍ എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവരുമാണ്. പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളി, കുറിച്യ, കുറുമ വിഭാഗത്തില്‍പ്പെട്ട ഗോത്ര വിഭാഗക്കാരാണ് മുഴുവനും. വനത്തിലെ മാവോയിസ്റ്റ് പരിശോധനയ്ക്ക് ഇനി ഇവരുടെ സേവനം ഉപയോഗപ്പെടുത്താനാകും.