കോഴിക്കോട്: ആവിക്കല്‍തോട് മേഖലയിലെ ശുചിമുറി മാലിന്യസംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണം താല്‍ക്കാലികമായി തടഞ്ഞ് കോഴിക്കോട് മുന്‍സിഫ് കോടതി. പ്രദേശവാസിയായ സക്കീര്‍ ഹുസൈന്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് നിര്‍മാണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. തോട് നികത്തിയ സ്ഥലത്താണ് മാലിന്യപ്ലാന്റ് നിര്‍മിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.
കോര്‍പറേഷനെയും സംസ്ഥാന സര്‍ക്കാരിനെയും എതിര്‍കക്ഷികളാക്കിയായിരുന്നു ഹരജി നല്‍കിയത്. റവന്യൂ രേഖകള്‍ പ്രകാരം പദ്ധതി പ്രദേശം തോട് ആണെന്ന വാദം അംഗീകരിച്ച കോടതി, പ്ലാന്റ് നിര്‍മാണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. റവന്യൂ രേഖകള്‍ വിശദമായി പരിശോധിച്ചത കോടതി കേസ് തീര്‍പ്പാക്കുന്നതുവരെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചു. ഹരജിക്കാരന് വേണ്ടി അഭിഭാഷകരായ മുനീര്‍ അഹമ്മദും മുദസര്‍ അഹമ്മദും ഹാജരായി.
കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോര്‍പറേഷന്‍ ശുചിമുറി മാലിന്യ പ്ലാന്റ് നിര്‍മാണത്തിന് തുടക്കമിട്ട സ്ഥലമാണ് ആവിക്കല്‍തോട്. ആവിക്കല്‍തോടിലും കോതിയിലുമായി രണ്ടിടത്താണ് ശുചിമുറി മാലിന്യ പ്ലാന്റ് നിര്‍മിക്കാന്‍ കോര്‍പറേഷന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, ജനവാസ മേഖലകളായ രണ്ടിടത്തും പ്ലാന്റ് നിര്‍മാണം അനുവദിക്കില്ലെന്ന നിലപാടുമായി പ്രദേശവാസികള്‍ സമരത്തിലാണ്.സമരം നടത്തുന്ന പ്രദേശവാസികള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നതാണ് കോടതിയുടെ ഉത്തരവ്.