ഗുജറാത്ത് കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; രണ്ട് ദിവസത്തിനുള്ളില്‍ മൂന്നാമത്തെ എംഎല്‍എയും പാര്‍ട്ടി വിട്ടു
അഹമ്മദാബാദ്: തിരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ശേഷിക്കെ ഗുജറാത്ത് കോണ്‍ഗ്രസില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ദഹോദ് ജില്ലയിലെ ഛലോഡ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ഭവേശ് കത്താര കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. എംഎല്‍എ സ്ഥാനവും രാജിവച്ചു. ഭാവേഷ് രാജിക്കത്ത് സ്പീക്കര്‍ നിമാബെന്‍ ആചാര്യയ്ക്ക് കൈമാറി. ഭവേശ് വ്യാഴാഴ്ച ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഇതോടെ രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ കോണ്‍ഗ്രസ് എംഎല്‍എയാണ് പാര്‍ട്ടി വിടുന്നത്.
ആദിവാസി മേഖലയില്‍ സ്വാധീനമുള്ള നേതാവും 10 തവണ എംഎല്‍എയുമായിരുന്ന മോഹന്‍സിന്‍ഹ് രത്‌വയും തലാല എംഎല്‍എ ഭഗവാന്‍ഭായ് ഡി ഭരാദും നേരത്തെ കോണ്‍ഗ്രസ് വിട്ടിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് കോണ്‍ഗ്രസിന് കനത്ത വെല്ലുവിളിയായിരിക്കുകയാണ്. ഗുജറാത്തില്‍ ബിജെപിയുടെ വിജയത്തുടര്‍ച്ച അവസാനിപ്പിക്കുമെന്ന പ്രഖ്യാപനവുമായാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുന്നത്. എന്നാല്‍, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് കഴിയാത്തതിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്.