സഹായം അഭ്യർത്ഥിച്ച് വീണ്ടും തടവുകാർ; സമുദ്രാതിർത്തി ലംഘനം, ക്രൂഡ് മോഷണം ആരോപണങ്ങളാവർത്തിച്ച് നൈജീരിയ
ന്യൂഡൽഹി: മലയാളികളടക്കമുള്ള ഇന്ത്യക്കാർ കുടുങ്ങിയ ഹീറോയിക് ഇഡുൻ കപ്പൽ തങ്ങളുടെ സമുദ്രാതിർത്തി ലംഘിച്ചതായി ആവർത്തിച്ച് നൈജീരിയ. കപ്പലിലെ ജീവനക്കാർ ക്രൂഡ് മോഷ്ടിക്കാൻ ശ്രമിച്ചതായും നൈജീരിയ ആരോപിച്ചു. നൈജീരിയയുടെ അടുത്ത രാജ്യമായ എക്വറ്റോറിയൽ ഗിനിയാണ് കപ്പൽ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കപ്പലിലെ ജീവനക്കാരെ നൈജീരിയക്ക് കൈമാറുമെന്നാണ് ഗിനി സർക്കാരിന്റെ പ്രഖ്യാപനം. നയതന്ത്രതലത്തിലെ ശ്രമങ്ങൾക്കൊപ്പം തന്നെ ജീവനക്കാരുടെ മോചനത്തിനായി നിയമപരമായും നീക്കങ്ങളും നടക്കുമ്പോഴാണ് പുതിയ സംഭവ വികാസങ്ങളുണ്ടാകുന്നത്.
മോചനത്തിന് സഹായമാവശ്യപ്പെട്ട് വീണ്ടും കപ്പലിലെ ജീവനക്കാരുടെ വീഡിയോ പുറത്ത് വന്നു. തടവുകാരോടുള്ള സമീപനം മോശമാണെന്നും എത്രയും പെട്ടന്ന് അധികൃതർ ഇടപെടണമെന്നും മലയാളി സനു ജോസഫ് പ്രതികരിച്ചു. ജീവനക്കാരെ ഗിനി സൈന്യം തുറമുഖത്ത് എത്തിച്ചിട്ടുണ്ട്. നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് നീക്കം നടക്കുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. ഗിനി തുറമുഖത്ത് വൻ സൈന്യത്തെ വിന്യസിച്ചതായും മലയാളി ജീവനക്കാർ പറഞ്ഞു.