ബലാല്‍സംഗക്കേസ് പ്രതികള്‍ക്ക് മോചനം: ശിക്ഷായിളവ്, പരോള്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഡല്‍ഹി വനിതാ കമ്മീഷന്‍
ന്യൂഡല്‍ഹി: പ്രതികളുടെ ശിക്ഷായിളവ്, പരോള്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ബലാല്‍സംഗക്കേസ് പ്രതി ഗുര്‍മീത് റാം റഹീം സിങ്ങിന് പരോള്‍ നല്‍കിയ സാഹചര്യത്തിലും ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കി മോചിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ശിക്ഷാ ഇളവ്, പരോള്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ മേധാവി സ്വാതി മലിവാള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
ബലാല്‍സംഗികളെ മോചിപ്പിക്കുന്നതിന് കര്‍ശനമായ നിയമങ്ങളും ചട്ടങ്ങളും ഏര്‍പ്പെടുത്തേണ്ട വ്യവസ്ഥകളും മലിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ആഗസ്ത് 15 നാണ് ബില്‍ക്കിസ് ബാനുവിനെ ബലാല്‍സംഗം ചെയ്തവരെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്. 1992 ലെ ഇളവ് നയം ചൂണ്ടിക്കാട്ടി തടവുകാര്‍ക്ക് അവരുടെ ശിക്ഷ കുറയ്ക്കുന്നതിന് അപേക്ഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കുറ്റവാളികളെ വിട്ടയക്കുന്നതിനെതിരേ സിബിഐയും പ്രത്യേക ജഡ്ജിയും (സിബിഐ) എതിര്‍പ്പ് ഉന്നയിച്ചിട്ടും സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോയി.
ബില്‍ക്കിസ് ബാനു ബലാല്‍സംഗക്കേസ് പ്രതികളില്‍ ചിലര്‍ക്കെതിരേ പരോളില്‍ പുറത്തിറങ്ങിയശേഷവും സ്ത്രീകള്‍ക്കെതിരേ അതിക്രമം നടത്തിയതിന്റെ പേരിലുള്ള കുറ്റകൃത്യങ്ങള്‍ ചുമത്തിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കേന്ദ്രസര്‍ക്കാരും ശുപാര്‍ശ ചെയ്തതിനാല്‍ പ്രതികളുടെ ശിക്ഷ കുറയ്ക്കുകയാണ് ചെയ്തത്- സ്വാതി മലിവാള്‍ കത്തില്‍ പറയുന്നു. ബലാല്‍സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട് റോഹ്തക്കിലെ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിനെ ഹരിയാന സര്‍ക്കാര്‍ അടുത്തിടെയാണ് പരോളില്‍ വിട്ടയച്ചത്.
തടവുകാലത്ത് പ്രതിക്ക് ഒന്നിലധികം തവണ പരോള്‍ നല്‍കി. ഇത്തവണ പരോളില്‍ പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹം നിരവധി 'പ്രവചന സഭകള്‍ നടത്തുകയും സ്വയം പ്രമോട്ട് ചെയ്യുന്ന മ്യൂസിക് വീഡിയോകള്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ ഡെപ്യൂട്ടി സ്പീക്കറും മേയറും (ഹരിയാന) ഗതാഗത മന്ത്രിയും (ഹിമാചല്‍ പ്രദേശ്) ഹരിയാനയിലെയും ഹിമാചല്‍ പ്രദേശിലെയും സര്‍ക്കാരുകളിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ 'പ്രവചന സഭകളില്‍' പങ്കെടുക്കുകയും പൂര്‍ണ പിന്തുണയും വാഗ്ദാനവും ഉറപ്പുനല്‍കുകയും ചെയ്തു- കമ്മീഷന്‍ മേധാവി ചൂണ്ടിക്കാട്ടി.
ഇത്തരം സംഭവങ്ങള്‍ ആഴത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്നു. സ്വാധീനമുള്ള കുറ്റവാളികളുമായി ഉയര്‍ന്ന സ്ഥാനത്തുള്ള രാഷ്ട്രീയക്കാരുടെ കൂട്ടുകെട്ടിനെയും ഇത് പ്രതിഫലിപ്പിക്കുന്നത്. രാഷ്ട്രീയക്കാര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോവാന്‍ ബലാല്‍സംഗികളെ ഉപയോഗിക്കുന്നത് തുടരുന്നു, പ്രത്യേകിച്ചും ഗുജറാത്തിലും ഹരിയാനയിലും തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ക്രൂരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായി ജീവപര്യന്തം തടവ് അനുഭവിക്കുമ്പോള്‍ രാഷ്ട്രീയ സ്വാധീനമുള്ള ആളുകള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ തേടാന്‍ കഴിയുന്നുവെന്നത് നീതി നിഷേധിക്കപ്പെടുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സര്‍ക്കാരിന്റെ നടപടികളൊന്നും ആത്മാര്‍ഥതയില്ലാത്തതാണ്- കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിയമങ്ങളുടെയും നയങ്ങളുടെയും ദുരുപയോഗം ഒഴിവാക്കുന്നതിനും നീതി ലഭ്യമാക്കുന്നതിനും കൂടുതല്‍ കര്‍ശനമായ നടപടികല്‍ സ്വീകരിക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും മലിവാള്‍ കത്തില്‍ പറയുന്നു. ബില്‍ക്കിസ് ബാനു ബലാല്‍സംഗക്കേസ് പ്രതികളെ നേരത്തെ മോചിപ്പിച്ച കാര്യത്തെക്കുറിച്ച് ഗുജറാത്ത് സര്‍ക്കാരിനോടും ആഭ്യന്തര മന്ത്രാലയത്തോടും ഗുര്‍മീതിന്റെ കാര്യത്തില്‍ ഹരിയാന സര്‍ക്കാരിനോടും വിശദീകരണം തേടണം.
ബലാല്‍സംഗം ചെയ്തവര്‍ മുഴുവന്‍ തടവും അനുഭവിക്കണമെന്ന് മലിവാള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. ബലാല്‍സംഗവും കൊലപാതകിയുമായ ഗുര്‍മീത് റാം റഹീമിന്റെ സഭകളില്‍ പങ്കെടുത്ത ഹരിയാന, ഹിമാചല്‍ പ്രദേശ് സര്‍ക്കാരുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളുടെ ശിക്ഷാ ഇളവ്, പരോള്‍, എന്നിവ സംബന്ധിച്ച് കര്‍ശനമായ നിയമങ്ങളും നയങ്ങളും ഉറപ്പാക്കാന്‍ ഒരു ഉന്നതതല സമിതി രൂപീകരിക്കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളിലെ പ്രതികളുടെ ശിക്ഷ ഒരു കാരണവശാലും കുറയ്ക്കരുതെന്നും അവര്‍ മോദിക്ക് അയച്ച കത്തില്‍ ശക്തമായി ആവശ്യപ്പെട്ടു.

