ഡല്‍ഹിയില്‍ കത്തുന്ന കെട്ടിടത്തില്‍ നിന്ന് പരിഭ്രാന്തരായി ആളുകള്‍ ചാടുന്നു; ദൃശ്യങ്ങള്‍ പുറത്ത്

Update: 2022-05-14 05:27 GMT

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷന് സമീപത്ത് തീപ്പിടിത്തമുണ്ടായ നാല് നില കെട്ടിടത്തില്‍ നിന്ന് ആളുകള്‍ പരിഭ്രാന്തരായി താഴേയ്ക്ക് ചാടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അവസാനം ലഭിക്കുന്ന റിപോര്‍ട്ടുകള്‍ പ്രകാരം 27 പേരാണ് തീപ്പിടിത്തത്തില്‍ മരണപ്പെട്ടത്. 40 ഓളം ആളുകള്‍ പൊള്ളലേറ്റ് ആശുപത്രിയിലാണ്. ഭൂരിഭാഗം ആളുകളും മരണപ്പെട്ടത് കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് ചാടിയവരാണ്. രക്ഷപ്പെടാനായി കെട്ടിടത്തില്‍ ചാടിയപ്പോള്‍ ഗുരുതരമായി പരിക്കേറ്റവരാണ് മരിച്ചത്.

പൊള്ളലേറ്റ് മരിച്ചവരേക്കാള്‍ കൂടുതല്‍ പേര്‍ ഇത്തരത്തില്‍ മരിച്ചവരാണ്. കത്തുന്ന കെട്ടിടത്തില്‍നിന്നും ആളുകള്‍ പരിഭ്രാന്തരമായി ചാടുന്നതിന്റെയും കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആളുകള്‍ കയറുകള്‍ ഉപയോഗിച്ച് ചുവരുകള്‍ വഴി താഴേക്ക് ഇറങ്ങുന്നുണ്ട്. കെട്ടിടത്തില്‍ തീ ആളിപ്പടരുമ്പോള്‍ ജനല്‍വഴികളിലൂടെ ആളുകള്‍ താഴേക്ക് കൂട്ടത്തോടെ ചാടുന്നതാണ് വീഡിയോയിലുള്ളത്. ഇതിനിടയിലാണ് പലര്‍ക്കും ഗുരുതരമായി പരിക്കേറ്റത്. ക്രെയിന്‍ ഉപയോഗിച്ചും ഏണി ഉപയോഗിച്ചും ആളുകളെ താഴെയിറക്കാനും രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്. കെട്ടിടത്തില്‍ തീ ആളിപ്പടരുമ്പോള്‍ സഹായത്തിനായി സ്ത്രീകളടക്കമുള്ളവര്‍ നിലവിളിക്കുന്നുണ്ട്.

നിസ്സഹായരായി ജനക്കൂട്ടം താഴെ നിലയുറപ്പിച്ചതും വീഡിയോയില്‍ കാണാം. 30 ഓളം ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ ചേര്‍ന്ന് രാത്രി വൈകിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ആശങ്കയുണ്ട്.

ഡല്‍ഹി സമീപകാലത്ത് കണ്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നാണ് മുണ്ട്കയിലുണ്ടായത്. മുണ്ട്കാ മെട്രോ സ്‌റ്റേഷന് സമീപത്തുള്ള സിസിടിവി കാമറകളും റൗട്ടറും നിര്‍മിക്കുന്ന എസ്‌ഐ ടെക്‌നോളജീസ് എന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും പ്രദേശവാസികളായ സ്ത്രീകളാണ്.

Similar News